എല്ലാ തെറികളിലും സംബോധന ചെയ്യുന്നത് സ്വന്തം അമ്മയുടെ ലൈംഗികാവയവത്തെയാണ്; എസ് ശാരദക്കുട്ടി

Published : Oct 11, 2018, 03:04 PM ISTUpdated : Oct 11, 2018, 03:07 PM IST
എല്ലാ തെറികളിലും സംബോധന ചെയ്യുന്നത് സ്വന്തം അമ്മയുടെ ലൈംഗികാവയവത്തെയാണ്; എസ് ശാരദക്കുട്ടി

Synopsis

സ്വന്തം അമ്മയുടെ ലൈംഗികാവയവത്തെയാണ് എല്ലാ തെറികളിലും സംബോധന ചെയ്യുന്നത്. കേൾവി സുഖം പോരെന്ന ഒറ്റ പ്രശ്നമേയുള്ളു തെറികൾക്ക്..പുതിയ തരം എതിർപ്പുകളുടെ പുതിയ കാലത്ത് സൗന്ദര്യാത്മകവും സർഗ്ഗാത്മകവുമായ മികച്ച തെറികൾ പുതുക്കിപ്പണിയേണ്ടിയിരിക്കുന്നു. കലഹിക്കുമ്പോഴും നമ്മൾ ഉശിരോടെ, ചന്തത്തിൽ വേണം കലഹിക്കുവാൻ.

ലൈംഗികതയെ ഭയക്കുന്ന ഒരു സമൂഹത്തിൽ മാത്രമേ അശ്ലീലാർത്ഥമുള്ള തെറി പ്രയോഗങ്ങൾക്ക് നിലനിൽപുള്ളുവെന്ന് എഴുത്തുകാരി എസ് ശാരദക്കുട്ടി. വാളും ചിലമ്പുമണിഞ്ഞ് പട്ടുടുത്തു മുടിയഴിച്ച് നൃത്തമാടി വരുന്ന പുതിയ തലമുറ ലൈംഗികതയെയും അതിന്റെ പേരിലുള്ള തെറികളെയും ഭയക്കുന്നില്ല. ന്യായത്തിൽ തോൽക്കുമെന്നു ഭയപ്പെടുന്നവരുടെ ഒടുവിലത്തെ ആയുധമാണ് തെറിവിളികളെന്നും ശാരദകുട്ടി പറയുന്നു.   
 
എസ് ശാരദക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം; 

ലൈംഗികതയെ ഭയക്കുന്ന ഒരു സമൂഹത്തിൽ മാത്രമേ അശ്ലീലാർത്ഥമുള്ള തെറി പ്രയോഗങ്ങൾക്ക് നിലനിൽപുള്ളു. ലൈംഗികതയെ ഭയക്കാത്തവരെ തെറി വിളിച്ചിട്ടൊരു കാര്യവുമില്ല. വാളും ചിലമ്പുമണിഞ്ഞ് പട്ടുടുത്തു മുടിയഴിച്ച് നൃത്തമാടി വരുന്ന പുതിയ തലമുറ ലൈംഗികതയെയും അതിന്റെ പേരിലുള്ള തെറികളെയും ഭയക്കുന്നില്ല.

സാമ്പ്രദായിക ബോധങ്ങളാൽ ദുർബലരായവർ കാമരൂപിണികളും തന്റേടികളുമായ സ്ത്രീകളോടുള്ള ഭയം, അസഹൃത ഒക്കെ തെറി രൂപത്തിലാണ് പ്രകടമാക്കുന്നത്. സ്വന്തം അമ്മയുടെ ലൈംഗികാവയവത്തെയാണ് എല്ലാ തെറികളിലും സംബോധന ചെയ്യുന്നത്. കേൾവി സുഖം പോരെന്ന ഒറ്റ പ്രശ്നമേയുള്ളു തെറികൾക്ക്..പുതിയ തരം എതിർപ്പുകളുടെ പുതിയ കാലത്ത് സൗന്ദര്യാത്മകവും സർഗ്ഗാത്മകവുമായ മികച്ച തെറികൾ പുതുക്കിപ്പണിയേണ്ടിയിരിക്കുന്നു. കലഹിക്കുമ്പോഴും നമ്മൾ ഉശിരോടെ, ചന്തത്തിൽ വേണം കലഹിക്കുവാൻ.

സദാചാരവാദികളുടെ മുതുമുത്തശ്ശനായ വില്വമംഗലത്ത് സ്വാമിയാർ ഒരിക്കൽ വഴി നടന്നു പോകുമ്പോൾ 'ലക്ഷണപ്പിശകു'ള്ള ചില സുന്ദരികൾ മുടിയൊക്കെയഴിച്ചിട്ട്, പൊട്ടിച്ചിരിച്ച് സന്ധ്യ സമയത്ത് വനത്തിൽ സ്വൈര സഞ്ചാരം നടത്തുന്നത് കാണാനിടയായി. കാഴ്ച മനോഹരമാണെങ്കിലും, സ്വാമിയാർക്ക് ഇത് തീരെ ദഹിച്ചില്ല. സ്വാമിയാർ ഓടിച്ചിട്ടു പിടിക്കാൻ ശ്രമിച്ചു പെണ്ണുങ്ങളെ. സ്വാമിയാരുടെ കോപപ്പാച്ചിൽ കണ്ട് പെണ്ണുങ്ങൾ കണ്ട കുളങ്ങളിലെല്ലാം ചെന്നു ചാടി. സ്വാമി പിന്നാലെ ചാടി. ഓരോരുത്തരെയായി ഓരോയിടത്തു കുടിയിരുത്തി. ഒരുത്തി മാത്രം 'തിരുമേനി'ക്കു പിടി കൊടുത്തില്ല. അവൾ കുതറി മാറി ചേറിൽ പോയി പൂഴ്ന്നു കിടന്നു. സ്വാമിയാർ മുടി ചേറിൽ നിന്ന് കുത്തിപ്പിടിച്ച് പൊക്കിയെടുത്ത് '' ഇരിയെടീ പൊലയാടി മോളേ " എന്നു വിളിച്ച് പ്രതിഷ്ഠിച്ചു. ചേർത്തല ഭഗവതി അതാണെന്ന് ഐതിഹൃമാലയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി പറയുന്നു.

"ഭഗവതിയമ്മേ നിനക്കെവിടുന്നാടീ ഈയൂറ്റം. പണപ്പായസമല്ല, നിനക്ക് വേണ്ടത് കോഴിക്കുരുതിയാണ്. ഒരുമ്പെട്ടോള്'' വി കെ എന്നിന്റെ കല്യാണി, സുന്ദരിയായ ചിന്നമ്മുവിനെ കാണുമ്പോൾ കാർക്കിച്ചു തുപ്പിക്കൊണ്ട് പറഞ്ഞതാണ്. ചിന്നമ്മുവിന് കൊല്ലുന്ന സൗന്ദര്യമാണ്. ഇടിവാളു മാതിരിയല്ലേ വേശ്യ നിന്നു വെട്ടിത്തിളങ്ങുന്നത്. വീണു പോകുന്ന ആണുങ്ങളെ പറഞ്ഞിട്ടു കാര്യമില്ല.'

കല്യാണി, ഭഗവതിയമ്മേ എന്നു വിളിച്ചതും സ്വാമിയാർ പൊലയാടി മോളേ എന്നു വിളിച്ചതും ഒരേയർഥത്തിലാണ്. ലജ്ജയില്ലാത്ത സ്ത്രീ എന്നയർഥത്തിൽ വി കെ എന്നിന്റെ മറ്റൊരു കഥാപാത്രം ഒരുത്തിയെ കൊടുങ്ങല്ലൂരമ്മേ എന്നും വിളിക്കുന്നുണ്ട്.

ന്യായത്തിൽ തോൽക്കുമെന്നു ഭയപ്പെടുന്നവരുടെ ഒടുവിലത്തെ ആയുധമാണ് തെറികൾ. അതൊരു താളഭംഗമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒറ്റപ്പാലത്ത് ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു, സ്കൂട്ടര്‍ ഓടിച്ചിരുന്ന ബന്ധുവിന് ഗുരുതര പരിക്ക്
ആലപ്പുഴയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം