
തിരുവനന്തപുരം: ബാങ്കുകള്‍ക്ക് നേരിട്ട് ജപ്തി അധികാരം നല്‍കുന്ന സർഫാസി നിയമത്തിന്‍റെ കുരുക്കില്‍ പെട്ട് കഴിഞ്ഞ ഒരു വര്‍ഷം സംസ്ഥാനത്ത് കിടപ്പാടം നഷ്ടപ്പെട്ടത് 1800 ഓളം പേർക്ക്. പതിനാലായിരത്തോളം കടബാധിതര്‍ കുടിയിറക്ക് ഭീഷണിയിലുമാണ്. കേന്ദ്രനിയമത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന് സര്‍ക്കാര്‍ നിലപാടറിയിക്കുമ്പോള്‍ കടക്കെണിയിലായ കര്‍ഷകരുടെയും, ഇടത്തരക്കാരുടെയും ഭാവി ഇരുളടയുകയാണ്. കിടപ്പാടം നഷ്ടമായവരില്‍ ഏറെയും വയനാട്, ഇടുക്കി, പാലക്കാട് ജില്ലക്കാരാണ്.
ബാങ്കുകളെ കബളിപ്പിച്ച് മുങ്ങുന്ന വന്‍കിടക്കാരെ ലക്ഷ്യമിട്ട് 2002ല്‍ കൊണ്ടുവന്ന നിയമമാണിത്. തിരിച്ചടവ് മൂന്ന് തവണ മുടങ്ങിയാല്‍ വായ്പ കാലാവധി പോലും പരിഗണിക്കാതെ ഈടായി നല്‍കുന്ന വസ്തുവകകള്‍ തിരിച്ച് പിടിക്കാനും വില്‍ക്കാനും ബാങ്കുകള്‍ക്ക് കഴിയും. കോടതികള്‍ക്ക് അധികാരമില്ലാത്തിടത്ത് തീര്‍പ്പുകല്‍പിക്കാനുള്ള ചുമതല ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിനാണ്. എറണാകുളത്തുള്ള സംസ്ഥാനത്തെ ഏക ട്രിബ്യൂണിലിന് മുന്നിലെ വിവരങ്ങള്‍ ആശ്വാസ്യമല്ല.
കഴിഞ്ഞ പതിനൊന്ന് മാസത്തെ കണക്ക് പരിശോധിച്ചാല്‍ 1796 പേര്‍ക്ക് സര്‍ഫാസിയില്‍ കുരുങ്ങി കിടപ്പാടം നഷ്ടപ്പെട്ടു. ഇവരിലേറയും വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരാണ്. പ്രളയദുരിതം പോലും പരിഗണിക്കാതെ ബാങ്കുകളുടെ നടപടികള്‍ തുടരുകയാണ്. എണ്ണായിരത്തി മുന്നൂറ്റി എഴുപത് പേര്‍ക്ക് വയനാട്ടില്‍ നോട്ടീസ് നല്‍കിയിരിക്കുന്നു. തിരുവന്തപുരത്ത് 1760 പേരും. പാലക്കാട് 808ഉം, ഇടുക്കിയല്‍ 688 പേരും കുടിയിറക്ക് ഭീഷണിയിലാണ്. മറ്റ് ജില്ലകളിലെ കണക്ക് കൂടി പരിശോധിച്ചാല്‍ പതിനാലായിരത്തോളം പേര്‍ക്ക് എപ്പോള്‍ വേണമെങ്കിലും കിടപ്പാടം നഷ്ടപ്പെടാം. ഒന്നും ചെയ്യാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
സര്‍ഫാസി നിയമത്തിന്‍റെ പേരില്‍ കടാശ്വാസ കമ്മീഷന്‍റെ ആനുകൂല്യങ്ങള്‍ പോലും നിഷേധിക്കുകയാണ്. ജപ്തി നടപ്പാക്കാന്‍ ദേശസാത്കൃത ബാങ്കുകള്‍ക്കൊപ്പം സഹകരണബാങ്കുകളും മത്സരിക്കുന്നിടത്ത് സര്‍ക്കാര്‍ നിലപാടും ചോദ്യം ചെയ്യപ്പെടുന്നു.
നിയമഭേദഗതി ആവശ്യപ്പെട്ട് കേന്ദ്രത്തിന് സര്‍ക്കാര്‍ ഒരു വര്‍ഷം മുന്‍പ് കത്തയച്ചിരുന്നു. എന്നാല്‍ മറുപടി കിട്ടിയിട്ടില്ല. ഗുരുതരമായ പ്രശ്നമാണെന്ന് സംസ്ഥാനസര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടും കഴിഞ്ഞയാഴ്ച മാത്രമാണ് ഇതേ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിച്ചത്. സര്‍ഫാസിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബാങ്കേഴ്സ് സമിതി വ്യക്തമാക്കുമ്പോള്‍ ഇരകള്‍ക്ക് നീതി അകലെയാണ്.
കോടിക്കണക്കിന് രൂപ വായ്പയെടുത്തവര്‍ തിരിച്ചടക്കാതെ മുങ്ങി നടക്കുമ്പോഴാണ് സര്‍ഫാസി നിയമത്തിന്‍റെ പേരില്‍ സാധാരണക്കാര്‍ വഴിയാധാരമാകുന്നത്. അതേസമയം, നിയമഭേദഗതിയില്‍ കേന്ദ്ര നിലപാട് നിര്‍ണ്ണായകമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam