പാക് സന്ദർശനത്തിന് ശേഷം സൗദി കിരീടാവകാശി ഇന്ന് ഇന്ത്യയിലെത്തും; പുല്‍വാമ ആക്രമണം ചര്‍‌ച്ചയായേക്കും

By Web TeamFirst Published Feb 19, 2019, 10:19 AM IST
Highlights

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ന്  ഇന്ത്യയിലെത്തും. രണ്ട് ദിവസത്തേക്കാണ് സന്ദർശനം. പുല്‍വാമ ആക്രമണം ചര്‍‌ച്ചയായേക്കും.

ദില്ലി: സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഇന്ന് ഇന്ത്യയിലെത്തും. പാകിസ്ഥാൻ സന്ദർശനത്തിന് പിന്നാലെയാണ് സൗദി കിരീടാവകാശി ദില്ലിയിലെത്തുന്നത്. രണ്ട് ദിവസത്തേക്കാണ് സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

ഊർജ്ജരംഗത്ത് ഉൾപ്പടെ പരസ്പര സഹകരണം ശക്തമാക്കാനുള്ള കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പു വച്ചേക്കും. പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്ഥാനുള്ള പങ്ക് ചർച്ചകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി രാജകുമാരനെ അറിയിക്കും. ഭീകരസംഘടനകളെ ഇല്ലായ്മ ചെയ്യാനുള്ള പോരാട്ടത്തിൽ സൗദിയുടെ പിന്തുണ ഇന്ത്യ തേടും. പുൽവാമ ആക്രമണത്തെ കുറിച്ച് സൗദി എന്ത് പറയുമെന്നാണ് രാജ്യം ഉറ്റ് നോക്കുന്നത്.

പാക് സന്ദര്‍ശനത്തിനിടെ, ഇന്ത്യയുമായുളള തര്‍ക്കത്തിന് പരിഹാരം കാണാന്‍ ചർച്ചയ്ക്ക് സന്നദ്ധനായ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ നിലപാടിനെ സൗദി കിരീടാവകാശി പ്രശംസിച്ചിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രസ്താവന. പാകിസ്ഥാൻ വൻ സാമ്പത്തിക ശക്തിയായി വളരുന്നതിന് എല്ലാ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. സൗദി അറേബ്യയെപ്പോലെ ഭീകര വിരുദ്ധ പോരാട്ടത്തിലേർപ്പെടുന രാജ്യമാണ് പാകിസ്ഥാനെന്നും ബിൻ സൽമാൻ പറഞ്ഞിരുന്നു. 

click me!