ഉംറ വിസയ്ക്ക് സൗദി നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് സൂചന

By Web DeskFirst Published May 1, 2016, 5:20 AM IST
Highlights

ജിദ്ദ: ഉംറ വിസയടിക്കുന്നതിന് സൗദി അറേബ്യ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി സൂചന. അപേക്ഷകരില്‍ കൂടുതല്‍ പേര്‍ക്കും ഇപ്പോള്‍ വിസ ലഭിക്കുന്നില്ല. മക്കയിലെ ഹറം പള്ളിയിലെ താല്‍ക്കാലിക മതാഫ് പാലം പൊളിച്ചു മാറ്റല്‍ ഏതാണ്ട് പൂര്‍ത്തിയായി. വര്‍ഷത്തില്‍ ഏതാണ്ട് അറുപത് ലക്ഷത്തോളം വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് വിസ അനുവദിക്കാനാണ് സൗദി ഹജ്ജ് മന്ത്രാലായത്തിന്റെ തീരുമാനം. ഈ സീസണില്‍ ഇതു വരെ അമ്പത് ലക്ഷത്തോളം വിസകള്‍ അനുവദിച്ചു. റമദാന്‍ ആരംഭിക്കാന്‍ ഇനിയും ഒരു മാസത്തിലേറെ സമയം ബാക്കി നില്‍ക്കെ പത്ത് ലക്ഷത്തോളം വിസകള്‍ മാത്രമാണ് ഇനി അനുവദിക്കാന്‍ ബാക്കിയുള്ളത്.

ഈ സാഹചര്യത്തില്‍ ഉംറ വിസകള്‍ അനുവദിക്കുന്നതിന് താല്‍ക്കാലികമായി നിയന്ത്രണം ഏര്‍പ്പെടുത്തിയതായാണ് സൂചന. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്ന റമദാനില്‍ ബാക്കിയുള്ള വിസകള്‍ അനുവദിക്കാനാണ് നീക്കം എന്നാണു റിപ്പോര്‍ട്ട്. ഒരാഴ്ച മുമ്പ് വരെ ഇന്ത്യയില്‍ അപേക്ഷിച്ച ഏതാണ്ട് എല്ലാവര്ക്കും ഉംറ വിസ അനുവദിച്ചിരുന്നു. എന്നാല്‍ എല്ലാ സര്‍വീസ് ഏജന്റുമാര്‍ക്കും കൂടി കഴിഞ്ഞയാഴ്ച ഇന്ത്യയിലെ സൗദി എംബസി അനുവദിച്ചത് നാലായിരത്തോളം വിസകള്‍ ആണ്. പല ഏജന്‍സികളുടെയും അപേക്ഷകളില്‍ അഞ്ചോ പത്തോ ശതമാനം മാത്രമാണ് അനുവദിച്ചത്.

എന്നാല്‍ ഇതു സംബന്ധമായി ഔദ്യോഗിക വിശദീകരണം സൗദി ഹജ്ജ് മന്ത്രാലയത്തില്‍ നിന്നും ലഭിച്ചിട്ടില്ല. അതേസമയം മക്കയിലെ ഹറം പള്ളിയിലെ താല്‍ക്കാലിക മതാഫ് പാലം പൊളിച്ചു മാറ്റല്‍ ഏതാണ്ട് പൂര്‍ത്തിയായി. പാലത്തിലേക്കുണ്ടായിരുന്ന വഴി മാത്രമാണ് ഇനി പൊളിച്ചു മാറ്റാന്‍ ബാക്കിയുള്ളത്. എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കി തവാഫ് കര്‍മത്തിന് തടസ്സം വരാത്ത രൂപത്തിലാണ് പാലം പൊളിച്ചു മാറ്റിയത്. ബാക്കിയുള്ള ഭാഗങ്ങള്‍ കൂടി നീക്കം ചെയ്യുന്നതോടെ കാബയെ പ്രദിക്ഷണം വെക്കുന്ന മതാഫ് പൂര്‍ണ സജ്ജമാകും. മണിക്കൂറില്‍ ഒരു ലക്ഷത്തിലേറെ തീര്‍ഥാടകര്‍ക്ക് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ സാധിക്കും.

click me!