കെഎസ്ഇബി ഓഫീസുകളിൽ വിജിലൻസ് നടത്തിയ 'ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്' എന്ന മിന്നൽ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. 41 ഉദ്യോഗസ്ഥരിൽ നിന്നായി 16.5 ലക്ഷം രൂപ പിടിച്ചെടുത്തു. ഇവർ കരാറുകാരിൽ നിന്ന് ഗൂഗിൾ പേ വഴിയടക്കം കൈക്കൂലി വാങ്ങിയതായി തെളിഞ്ഞു.
തിരുവനന്തപുരം: കെ എസ് ഇ ബി ഓഫീസുകളിൽ വൻ ക്രമക്കേടെന്ന് കണ്ടെത്തൽ. ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ടിന്റെ ഭാഗമായി വിജിലൻസിൻ്റെ മിന്നൽ പരിശോധനയിലാണ് കണ്ടെത്തൽ. 41 ഉദ്യോഗസ്ഥർ പല കരാറുകളിലായി വാങ്ങിയ 16,50,000 രൂപ പിടിച്ചെടുത്തു. മാനദണ്ഡങ്ങൾ പാലിക്കാതെ കെഎസ്ഇബി സെഷൻ ഓഫീസുകളിൽ കരാർ നൽകുന്നുവെന്നും കണ്ടെത്തൽ. വയനാട്ടിലും വ്യാപക വിജിലൻസ് പരിശോധന നടത്തി. നിരവധി കരാറുകാരിൽ നിന്നും ഉദ്യോഗസ്ഥർ പണം വാങ്ങി. കൽപ്പറ്റയിൽ 3 ഉദ്യോഗസ്ഥർ ചേർന്ന് 1,33,000 രൂപ കൈക്കൂലി വാങ്ങി. മാനന്തവാടിയിൽ 1,32,000 രൂപ കൈക്കൂലി വാങ്ങി. ബത്തേരിയിൽ 84, 800 രൂപയും കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി. എ ഇ, ഓവർസിയർമാർ, സബ് എഞ്ചിനീയർമാർ തുടങ്ങിയവരെല്ലാം കൈക്കൂലി വാങ്ങിയതിന് തെളിവ് കണ്ടെത്തിയതായും വിജിലൻസ് കണ്ടെത്തി. ഗൂഗിൾ പേയിലൂടെയാണ് പലരും പണം വാങ്ങിയത്. വിജിലൻസ് പരിശോധന ഇന്നും തുടരും.


