'ഞങ്ങളുടെ കന്യാസ്ത്രീകളെ രക്ഷിക്കൂ'; വത്തിക്കാന്‍ ന്യൂസ് എഫ്ബി പേജില്‍ മലയാളികളുടെ ക്യാമ്പയിന്‍

By Web TeamFirst Published Sep 12, 2018, 12:17 PM IST
Highlights

ഇന്ത്യയിലെ കന്യാസ്ത്രീകളെ രക്ഷിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ എത്രയും വേഗം ഇടപെടണമെന്നുമാണ് ആവശ്യം ഉന്നയിക്കുന്നത്.

വത്തിക്കാന്‍: ബലാത്സംഗ കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പ്രതിഷേധം വത്തിക്കാന്‍ വരെയെത്തിക്കാന്‍ മലയാളികളുടെ ശ്രമം. കൊച്ചിയിലും തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി നടത്തുന്ന സമരം ശക്തമാകുമ്പോള്‍ വത്തിക്കാന്‍ ന്യൂസിന്‍റെ ഫേസ്ബുക്ക് പേജിലാണ് സെെബര്‍ പ്രതിഷേധം നടക്കുന്നത്.

ഇന്ത്യയിലെ കന്യാസ്ത്രീകളെ രക്ഷിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ എത്രയും വേഗം ഇടപെടണമെന്നുമാണ് കമന്‍റിടുന്നവര്‍ ആവശ്യം ഉന്നയിക്കുന്നത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായും ആഗോള കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നല്‍കുന്ന പേജാണ് വത്തിക്കാന്‍ ന്യൂസ്.

ഇതില്‍ പോസ്റ്റ് ചെയ്യുന്ന വാര്‍ത്തകള്‍ക്ക് കമന്‍റായാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. കന്യാസ്ത്രീകള്‍ക്ക് നീതി ലഭിക്കണമെന്ന ആവശ്യമുയര്‍ത്തി ഹാഷ്ടാഗുകളും സജീവമാണ്.

ഇതിനിടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് വൈകുന്നതിനെതിരായ കന്യാസ്ത്രീകളുടെ സമരം കൂടുതൽ ശക്തി പ്രാപിക്കുകയാണ്. കൊച്ചിയ്ക്ക് പുറമെ സെക്രട്ടറിയേറ്റിനു മുന്നിലും സമരം തുടങ്ങുകയാണ് സന്യാസിസമൂഹ സംരക്ഷണ വേദി.

സമരം വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി നടക്കുന്ന പ്രതിഷേധസംഗമത്തിൽ കുറവിലങ്ങാട് നിന്നുള്ള കന്യാസ്ത്രീകൾ പങ്കെടുക്കില്ല. പകരം സമരത്തെ പിന്തുണയ്ക്കുന്ന തിരുവനന്തപുരത്ത് നിന്നുള്ളവരാകും സംഗമത്തിൽ പങ്കെടുക്കുക. കൊച്ചിയിലെ സമരപന്തലിലേക്കും ഐക്യദാർഡ്യമർപ്പിച്ച് ഇന്ന് നിരവധി പേരെത്തും.

https://www.facebook.com/vaticannews/

 

click me!