ഫാ. സെബാസ്റ്റ്യൻ വട്ടോളി അന്താരാഷ്ട്ര ഗൂഢാലോചന നടത്തിയെന്ന് സേവ് സിറോ മലബാർ ഫോറം

By Web TeamFirst Published Feb 7, 2019, 10:09 PM IST
Highlights

അമേരിക്കയിലും മറ്റ് വിദേശ രാജ്യങ്ങളിലുമുള്ള പത്തുനൂറ്റൻപത് പേരുമായി ഫാദർ സെബാസ്റ്റ്യൻ വട്ടോളി സഭയ്ക്കെതിരെ അന്താരാഷ്ട്ര ഗൂഢാലോചന നടത്തുന്ന വിവരം താനറിഞ്ഞുവെന്ന് കെന്ന‍ഡി കരിമ്പുംകാലായിൽ. ആ കോളിൽ തന്നെ ഉണ്ടായിരുന്ന തന്‍റെ ഒരു സുഹൃത്താണ് ഈ രഹസ്യവിവരം തന്നത്. 

തിരുവനന്തപുരം: ജലന്ധർ മുൻ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിയ സമരത്തിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചന ഉണ്ടെന്ന് സേവ് സിറോ മലബാർ ഫോറം. സമരത്തിന് നേതൃത്വം നൽകിയ ഫാ.സെബാസ്റ്റ്യൻ വട്ടോളിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നതെന്നാണ് സേവ് സിറോ മലബാർ ഫോറം നേതാവ് കെന്നഡി കരിമ്പിൻ കാലായിലിന്‍റെ വെളിപ്പെടുത്തൽ. നൂറ്റൻപതിലേറെ പേരെ പങ്കാളികളാക്കി ഫാ. സെബാസ്റ്റ്യൻ വട്ടോളി നടത്തിയ കോൺഫറൻസ് കോളിൽ നുഴഞ്ഞുകയറി താൻ പല രഹസ്യങ്ങളും മനസിലാക്കിയിട്ടുണ്ടെന്നും കെന്നഡി ന്യൂസ് അവറിൽ വെളിപ്പെടുത്തി. എന്നാൽ ന്യൂസ് അവർ അവതരിപ്പിച്ച ഏഷ്യാനെറ്റ് ന്യൂസ് കോഡിനേറ്റിംഗ് എഡിറ്റർ വിനു വി ജോൺ വിശദാംശങ്ങൾ ചോദിച്ചപ്പോൾ കെന്നഡി ഉത്തരമില്ലാതെ കുഴങ്ങി.

അമേരിക്കയിലും മറ്റ് വിദേശ രാജ്യങ്ങളിലുമുള്ള പത്തുനൂറ്റൻപത് പേരുമായി ഫാദർ സെബാസ്റ്റ്യൻ വട്ടോളി സഭയ്ക്കെതിരെ അന്താരാഷ്ട്ര ഗൂഢാലോചന നടത്തുന്ന വിവരം താനറിഞ്ഞുവെന്ന് കെന്ന‍ഡി പറഞ്ഞു. ആ കോളിൽ തന്നെ ഉണ്ടായിരുന്ന തന്‍റെ ഒരു സുഹൃത്താണ് ഈ രഹസ്യവിവരം തന്നത്. ഇതേ സുഹൃത്ത് സെബാസ്റ്റ്യൻ വട്ടോളി അറിയാതെ തന്നെയും ആ കോളിൽ ചേർത്തു. ഗൂഢാലോചനയുടെ വിവരങ്ങൾ അങ്ങനെ താനും അറിഞ്ഞു. എന്നാൽ എന്ത് വിധ്വംസക പ്രവർത്തനം നടത്താനുള്ള ഗൂഢാലോചനയാണ് നടന്നതെന്നും അത് നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതല്ലേ എന്നുമുള്ള അവതാരകന്‍റെ ചോദ്യത്തിൽ കെന്നഡി പെട്ടു. ചാനൽ സ്റ്റുഡിയോയിൽ വച്ച് അന്താരാഷ്ട്ര ഗൂഢാലോചനയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ആകില്ലെന്ന് മറുപടി.

കോട്ടയത്തും പരിസരത്തും അടുത്തിടെയായി ലക്ഷങ്ങൾ വിലയുള്ള വമ്പൻ വണ്ടികളിൽ പലരും കിടന്ന് കറങ്ങുന്നുണ്ടെന്നായിരുന്നു കെന്നഡിയുടെ മറ്റൊരു ആരോപണം. മണിക്കൂറിന് ലക്ഷങ്ങൾ വാങ്ങുന്ന വക്കീലൻമാരെ കൊണ്ടുവന്നാണ് ബിഷപ്പിനെതിരെ വാദിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരത്തിന് നാല് ജില്ലകളിൽ നിന്ന് 'വമ്പൻ ബസുകകളിൽ' ആണ് ആളുകളെ കൊണ്ടുവന്നത്. കന്യാസ്ത്രീകളുടെ സമരത്തിനായി പലരും പണം പമ്പ് ചെയ്യുന്നുണ്ടെന്നും കെന്നഡി ആരോപിച്ചു. അഭയ കേസിൽ അടുക്കളക്കാരിക്കുവേണ്ടി ഹാജരാകാൻ ഹരീഷ് സാൽവയെ ആണ് കൊണ്ടുവന്നത് എന്നോർമ്മിപ്പിച്ചപ്പോൾ കെന്നഡി അടുത്ത വിഷയത്തിലേക്ക് തെന്നിമാറി.

കന്യാസ്ത്രീകൾ ആരുടെയോ കരുക്കളാകുന്നുണ്ടെന്നും ഫ്രാങ്കോ മുളയ്ക്കലിനെ ജയിലിൽ കിടത്തിയതിൽ വിനു വി ജോണിനും പങ്കുണ്ടെന്നും ആയിരുന്നു കെന്നഡിയുടെ അടുത്ത ആരോപണം. ഫ്രാങ്കോയെ ജയിലിൽ നിലത്ത് കിടത്തിയപ്പോൾ എന്തുകിട്ടിയെന്നും ഇനിയെങ്കിലും ആ പാവത്തെ വെറുതെ വിടണമെന്നും കെന്നഡി പറഞ്ഞു. ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീയെപ്പറ്റി കേട്ടാലറയ്ക്കുന്ന ആരോപണങ്ങൾ സർവ മാധ്യമങ്ങളുടേയും മുമ്പിൽ ഉന്നയിച്ച് അപമാനിച്ചതിന് കെന്നഡി മാപ്പുപറയുമോ എന്നായിരുന്നു അവതാരകന്‍റെ മറുചോദ്യം. ബിഷപ് ഫ്രാങ്കോ ശിക്ഷ വാങ്ങുന്ന അവസ്ഥ വന്നാൽ കന്യാസ്ത്രീകൾ സമരം ചെയ്ത വഞ്ചി സ്ക്വയറിൽ വന്ന് കൈവിരിച്ച് നിന്ന് മാപ്പുപറയുമെന്ന് കെന്നഡിയുടെ പ്രഖ്യാപനം. 

തുടർന്ന് സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെതിരായി കെന്നഡി കരിമ്പുംകാലായുടെ കുറ്റാരോപണങ്ങൾ. പൊതുസമൂഹവും  മുഴുവൻ അൽമായരും ലൂസി കളപ്പുരയ്ക്കലിനെ തള്ളിക്കളഞ്ഞുവെന്ന് കെന്നഡി. ക്രിസ്തുവിനെ പിൻപറ്റുന്ന മനഃസാക്ഷിയുള്ള സമൂഹം ലൂസി കളപ്പുരയ്ക്കലിന് ഒപ്പമുണ്ടെന്ന് അവതാരകന്‍റെ മറുപടി. ക്രൈസ്തവ ഇതര പ്രസിദ്ധീകരണങ്ങളിൽ എഴുതി എന്നതാണ് സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ നടപടി എടുക്കാൻ സഭ കണ്ടെത്തിയിരിക്കുന്ന കാരണം. ക്രൈസ്തവ ഇതര പ്രസിദ്ധീകരണങ്ങളിൽ എഴുതരുത് എന്ന ശാസനം മതേതര സമൂഹത്തിനും സഭയ്ക്കും അപമാനമാണ് എന്നാണ് സിസ്റ്റർ ലൂസി ഇതിന് നൽകിയ മറുപടി. ഈ നിലപാട് എടുത്ത സിസ്റ്റർ ലൂസി കളപ്പുരയെ അഭിവാദ്യം ചെയ്തുകൊണ്ടും ഇത്തരം പിന്തിരിപ്പൻ നിലപാട് എടുക്കുന്ന സഭാനേതൃത്വത്തെ അപലപിച്ചുകൊണ്ടുമാണ് വിനു വി ജോൺ ന്യൂസ് അവർ അവസാനിപ്പിച്ചത്.

 

click me!