
ദില്ലി: ശിശു സംരക്ഷണ നയം രൂപീകരിക്കുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്ന് സുപ്രീംകോടതി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ കൂടുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം. മുസഫർപൂരിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ പെൺകുട്ടികൾ പീഡനത്തിനിരയായ കേസിൽ വാദം കേൾക്കവെ കേന്ദ്ര സർക്കാരിനെയും സംസ്ഥാന സർക്കാരിനെയും സുപ്രീംകോടതി വിമർശിച്ചു.
കഴിഞ്ഞ വർഷം 286 ആൺകുട്ടികൾ ഉൾപ്പടെ 1575 കുട്ടികൾ അഭയകേന്ദ്രങ്ങളിൽ പീഡനത്തിനിരയായെന്ന് ജസ്റ്റിസ് മദൻ ബി ലോക്കൂർ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. അഭയകേന്ദ്രങ്ങളിലെ പീഡനങ്ങളിൽ എന്ത് നടപടിയെടുത്തെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പീഡന വിവരം പുറത്തുകൊണ്ടുവന്ന ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൻ സയൻസിന്റെ റിപ്പോർട്ട് പരസ്യമാക്കണമെന്നും നിർദ്ദേശിച്ചു.
ഒക്ടോബറോടെ രാജ്യത്തെ എല്ലാ അഭയകേന്ദ്രങ്ങളിലെയും പരിശോധന പൂർത്തിയാക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. സർക്കാർ ഫണ്ട് വാങ്ങുന്ന അഭയകേന്ദ്രങ്ങളിലാണ് പീഡനങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇവയുടെ പ്രവർത്തനം സുതാര്യമല്ലാത്ത സാഹചര്യത്തിൽ കൂടിയാണ് സുപ്രീംകോടതി ഇടപെടൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam