തമിഴ്‌നാട്ടിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം തടഞ്ഞ് സുപ്രീംകോടതി

By Web DeskFirst Published Sep 8, 2017, 7:22 PM IST
Highlights

ദില്ലി: നീറ്റ് പരീക്ഷയ്ക്കെതിരെ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ ആത്മഹത്യചെയ്ത അനിതയ്ക്ക് നീതി ആവശ്യപ്പെട്ട് നടത്തുന്ന സമരങ്ങൾ തടഞ്ഞ് സുപ്രീംകോടതി. ജനജീവിതം തടസപ്പെടുത്തുന്ന സമരങ്ങൾ അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നീറ്റിനെതിരെയുള്ള അപ്പീലിൽ  സെപ്റ്റംബർ 18ന് വാദം കേൾക്കും.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് തമിഴ്നാട് സർക്കാരിന് നോട്ടീസയച്ചത്. നീറ്റ് പരീക്ഷയിൽ പ്രതിഷേധിച്ച് അനിതയെന്ന പതിനേഴ്കാരി ആത്മഹത്യ ചെയ്തതിന് പിന്നാലെ അരങ്ങേറിയ പ്രക്ഷോഭങ്ങളിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. അനിതയുടെ മരണത്തിന് തൊട്ടുപിന്നാലെ സെപ്തംബർ രണ്ടിന് ചെന്നൈയിലുണ്ടായ പ്രക്ഷോഭങ്ങളിൽ ചെന്നൈ നഗരം സ്തംഭിച്ചിരുന്നു. പ്രക്ഷോഭങ്ങൾ നടക്കുന്നില്ലെന്ന് അടിയന്തരമായി ഉറപ്പ് വരുത്താൻ തമിഴ്നാട് ചീഫ് സെക്രട്ടറിക്കും പ്രിൻസിപ്പൽ ചീഫ് സെക്രട്ടറിക്കും സുപ്രീംകോടതി നിർദ്ദേശം നൽകി. ജനജീവിതം തടസപ്പെടുത്തുന്ന പ്രക്ഷോഭകർക്കെതിരെ നടപടിയെടുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.മുതിർന്ന അഭിഭാഷകനായ കെ എസ് മണി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതി സർക്കാരിന് നോട്ടീസയച്ചത്. അനിതയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണവും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ഹർജികൾ ഈ മാസം 18ന് കോടതി പരിഗണിക്കും. സുപ്രീം കോടതിയുടെ കർശന നിർദ്ദേശം വന്നതിന് പിന്നാലെ ഈ മാസം 12ന് തിരുച്ചിറപ്പള്ളിയിൽ ഡിഎംകെ പ്രഖ്യാപിച്ച സമര പരിപാടികൾ റദ്ദാക്കി. നാളെ ടിടിവി ദിനകരൻ പ്രഖ്യാപിച്ച കലക്ടറേറ്റ് മാർച്ചും പിൻവലിച്ചിട്ടുണ്ട്. സമരക്കാരുമായി സർക്കാർ പ്രതിനിധികൾ നാളെ ചർച്ച നടത്തിയേക്കും.

click me!