
ദില്ലി: ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച സിബി മാത്യൂസ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നമ്പി നാരായണൻ നൽകിയ ഹര്‍ജിയിൽ ഇന്ന് സുപ്രീംകോടതി വിധി പറയും. നമ്പി നാരായണന്‍റെ നഷ്ടപരിഹാര തുക അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കണമെന്ന് കേസിൽ വാദം കേൾക്കുന്നതിനിടെ സുപ്രീംകോടതി പരാമര്‍ശം നടത്തിയിരുന്നു.
പ്രമാദമായ ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഒരുവിധ തെളിവും ഇല്ലെന്ന് കണ്ടെത്തിയ കേരള ഹൈക്കോടതി 2012ൽ നമ്പി നാരായണനെ വെറുതെ വിട്ടിരുന്നു. 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഹൈക്കോടതി വിധിച്ചു.
എന്നാൽ, ചാരക്കേസിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇതിനെതരെയാണ് നമ്പി നാരായണൻ സുപ്രീംകോടതിയെ സമീപിച്ചത്. നമ്പി നാരായണന് കസ്റ്റഡി പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും ഇതേകുറിച്ച് കോടതി മേൽനോട്ടത്തിൽ അന്വേഷണത്തിന് തയ്യാറാണെന്നും വാദത്തിനിടെ സിബിഐ അറിയിച്ചിരുന്നു.
ഉന്നത വ്യക്തത്വമുള്ള ശാസ്ത്രജ്ഞനെ അറസ്റ്റ് ചെയ്ത് സംശയത്തിന്‍റെ നിഴലിൽ നിര്‍ത്തിയത് അതീവ ഗൗരവമുള്ള വിഷയമാണെന്നും നമ്പി നാരായണന് നീതി കിട്ടണമെന്നും അതിന് കോടതി മറുപടി നൽകിയിരുന്നു.
നമ്പി നാരായണനുള്ള നഷ്ടപരിഹാര തുക ഉയര്‍ത്തുമെന്നും കോടതി അറിയിച്ചിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ കോടതിയാണ് കേസിൽ വിധി പറയുക.
കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണൻ മാലി സ്വദേശിയായ മറിയം റഷീദ വഴി ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങൾ ചോര്‍ത്തി എന്നത് തൊണ്ണൂറുകളിൽ വലിയ കോളിളക്കങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam