ആനന്ദ് തെൽതുംദെയുടെ അറസ്റ്റ് സുപ്രീം കോടതി പരിരക്ഷ ലംഘിച്ച്

By Web TeamFirst Published Feb 2, 2019, 11:27 AM IST
Highlights

ഫെബ്രുവരെ 18 വരെ തെൽതുംദെക്ക് അറസ്റ്റിൽ നിന്ന് ആനന്ദ് തെൽതുംദെക്ക് സുപ്രീം കോടതി പരിരക്ഷ അനുവദിച്ചിരുന്നു. ഇത് ലംഘിച്ചാണ് പുനെ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

പുനെ:അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതിയുടെ പരിരക്ഷ നിലനിൽക്കെയാണ് പ്രമുഖ ദളിത്, മാർക്സിസ്റ്റ് ചിന്തകനും സാമൂഹ്യപ്രവർത്തകനുമായ ആനന്ദ് തെൽതുംദെയെ പുനെ പൊലീസ് അറസ്റ്റ് ചെയ്തത്. തെൽതുംദെക്ക് സുപ്രീം കോടതി ഫെബ്രുവരെ 18 വരെ അറസ്റ്റിൽ നിന്ന് പരിരക്ഷ അനുവദിച്ചിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് മുംബൈ വിമാനത്താവളത്തിൽ നിന്ന് പുനെ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്.

തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണം എന്ന ആനന്ദ് തെൽതുംദെയുടെ ആവശ്യം നേരത്തേ സുപ്രീം കോടതി തള്ളിയിരുന്നു. എന്നാൽ നാല് ആഴ്ച്ചത്തേക്ക് അറസ്റ്റിൽ നിന്ന് പരിരക്ഷ അനുവദിച്ച ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. മുൻകൂർ ജാമ്യം തേടാനുള്ള സമയമാണ് കോടതി അനുവദിച്ചത്. പുനെയിലെ കീഴ്ക്കോടതി കഴിഞ്ഞ ദിവസം ആനന്ദ് തെൽതുംദെയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്നാൽ ഹൈക്കോടതിയിലേക്ക് നീങ്ങാനുള്ള സമയപരിധി ശേഷിക്കെയാണ് സുപ്രീം കോടതി നിർദ്ദേശം ലംഘിച്ച് തെൽതുംദെയെ അറസ്റ്റ് ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തി, 2017 ഡിസംബർ 31ന് കേന്ദ്രസർക്കാരിനെതിരെ ഭീമ കൊറഗോവിൽ നടന്ന പ്രതിഷേധ പരിപാടിക്ക് ശേഷം നഗരത്തിൽ കലാപമഴിച്ചുവിട്ടു എന്നീ കുറ്റങ്ങളാണ് ആനന്ദ് തെൽതുംദെക്കെതിരെ ചുമത്തിയിരിക്കുന്നത്. 1818ല്‍ നടന്ന ആംഗ്ലോ- മറാത്ത യുദ്ധത്തിന്‍റെ ഇരുന്നൂറാം വാര്‍ഷികം കേന്ദ്ര സര്‍ക്കാരിന്‍റെ  നയങ്ങൾക്കെതിരായ സമരമുഖമാക്കണം എന്ന ആഹ്വാനത്തോടെ  നടത്തിയ പ്രതിഷേധത്തിന് ശേഷം പുനെയിൽ വ്യാപകമായി അക്രമസംഭവങ്ങൾ നടന്നിരുന്നു. മാവോയിസ്റ്റുകളാണ് കലാപം സംഘടിപ്പിച്ചതെന്നും ഈ അക്രമങ്ങളുടെ ആസൂത്രണത്തിൽ ആനന്ദ് തെൽതുംതെക്ക് പങ്കുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്.

കൊറഗോവിൽ നടന്ന അക്രമസംഭവങ്ങളുടെ പേരിൽ പുനെ പൊലീസ് കേസെടുത്തത് ആനന്ദ് തെൽതുംദെക്ക് എതിരെ മാത്രമല്ല.  നിരവധി മനുഷ്യാവകാശ പ്രവർത്തകർക്കും ആക്ടിവിസ്റ്റുകൾക്കും ബുദ്ധിജീവികൾക്കും എതിരെ സമാനമായ വകുപ്പുകൾ ചുമത്തി. തെലുങ്ക് കവി വരവര റാവു, അഭിഭാഷകയും ആക്ടിവിസ്റ്റുമായ സുധ ഭരദ്വാജ്, മനുഷ്യാവകാശപ്രവർത്തകരായ വെർനോൺ ഗോൺസാൽവസ്, അരുൺ ഫെരിയേര, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്‍ലിംഗ്, ദളിത് ആക്ടിവിസ്റ്റ് റോണ വിൽസൺ, ആദിവാസികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന മഹേഷ് റാവുത്, സർവകലാശാലാ അധ്യാപകനായിരുന്ന സോമ സെൻ എന്നിവരും 'നഗര മാവോയിസ്റ്റുകൾ' എന്നാരോപിച്ച് ഭീകര വിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തവരിൽപ്പെടുന്നു. പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തി എന്നാരോപിച്ച് വീടുകൾ റെയ്ഡ് ചെയ്ത് ഇവരിൽ പലരേയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

എൽഗാർ പരിഷത്ത് എന്ന സംഘടനയായിരുന്നു ഭീമ കൊറഗോവ് പ്രതിഷേധം സംഘടിപ്പിച്ചത്. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പി ബി സാവന്തും ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി ജി കോല്‍സെ പാട്ടീലുമാണ് എൽഗാർ പരിഷത്തിന്‍റെ മുഖ്യ സംഘാടകർ. പ്രതിഷേധ ദിവസം പൂനയിൽ കലാപം നടന്നത് മിലിന്ദ് എക്ബോത്തെ, സാബാജി ബീഡെ എന്നീ ഹിന്ദു തീവ്ര സംഘടനാ നേതാക്കളുടെ നേതൃത്വത്തിലാണെന്ന് എൽഗാർ പരിഷത്തിന്‍റെ ആരോപണം. എന്നാൽ ഹിന്ദുത്വ പ്രവർത്തകർ നൽകിയ പരാതിയിൽ തങ്ങൾക്കെതിരെ കേസെടുക്കുകയായിരുന്നു എന്നും എൽഗാർ പരിഷത്ത് ആരോപിക്കുന്നു.

click me!