സഹപാഠികളുടെ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് പ്രവേശനം നിഷേധിച്ച് വിദ്യാലയങ്ങള്‍

Published : Oct 20, 2018, 12:01 PM IST
സഹപാഠികളുടെ പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് പ്രവേശനം നിഷേധിച്ച് വിദ്യാലയങ്ങള്‍

Synopsis

ലൈംഗീകപീഡനത്തിന് ഇരയായ കുട്ടി മറ്റ് കുട്ടികള്‍ക്കൊപ്പം പഠിക്കുന്നത് സ്കൂളിലെ പഠനാന്തരീക്ഷത്തെ ബാധിക്കുമെന്നും മറ്റ് കുട്ടികളുടെ പഠനം മോശമാകുമെന്നുമാണ് പ്രവേശനം നിഷേധിക്കുന്നതിന് കാരണമായി സ്കൂള്‍ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്

ഡെറാഡൂൺ: സ്കൂളില്‍ വച്ച് സഹപാഠികള്‍ പീ‍ഡനത്തിന് ഇരയാക്കിയ പെണ്‍കുട്ടിയ്ക്ക് പ്രവേശനം നിഷേധിച്ച് പ്രമുഖ സ്കൂളുകള്‍. കഴിഞ്ഞ ഓഗസ്റ്റ് 14 ന് ലൈംഗിക പീഡനത്തിന് ഇരയായ പെണ്‍കുട്ടിക്കാണ് ഡെറാഡൂണിലെ പ്രമുഖ സ്കൂളുകള്‍ പ്രവേശനം നല്‍കാതിരുന്നത്. ലൈംഗീകപീഡനത്തിന് ഇരയായ കുട്ടി മറ്റ് കുട്ടികള്‍ക്കൊപ്പം പഠിക്കുന്നത് സ്കൂളിലെ പഠനാന്തരീക്ഷത്തെ ബാധിക്കുമെന്നും മറ്റ് കുട്ടികളുടെ പഠനം മോശമാകുമെന്നുമാണ് പ്രവേശനം നിഷേധിക്കുന്നതിന് കാരണമായി സ്കൂള്‍ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. ഡെറാഡൂണിലെ പല പ്രമുഖ സ്കൂളുകളില്‍ നിന്നും സമാന അനുഭവം നേരിട്ടതോടെയാണ് കുട്ടികളുടെ  രക്ഷിതാക്കള്‍ പരാതിയുമായി എത്തിയത്. 

പ്രവേശനം നിഷേധിച്ച സ്കൂളുകളുടെ പേര് പെണ്‍കുട്ടിയുടെ അഭിഭാഷക സിബിഎസ്‍സിക്ക് നല്‍കിയ പരാതിയില്‍ വിശദമാക്കിയിട്ടുണ്ട്. പത്താം ക്ലാസ് വിദ്യാർഥിനിയെയാണു സഹപാഠികളായ നാലു പേർ ചേർന്നു പീഡിപ്പിച്ചത്. നിലവിലെ സാഹചര്യത്തിൽ ഡെറാഡൂണിനു പുറത്തുള്ള സ്കൂളിലേക്കു പഠനം മാറ്റേണ്ട അവസ്ഥയാണെന്നും മാതാപിതാക്കൾ പറഞ്ഞു. ഡെറാഡൂണിനു പുറത്ത് ബോർഡിങ് സ്കൂളിൽ വച്ചാണു പെൺകുട്ടി പീഡനത്തിനിരയായത്. 

ഓഗസ്റ്റില്‍ നടന്ന സംഭവം പുറത്തെത്തിയത് ഒരു മാസത്തിന് ശേഷമായിരുന്നു. പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് പ്രിന്‍സിപ്പളിന് പരാതി നല്‍കിയിരുന്നെങ്കിലും  സ്കൂൾ അധികൃതർ മൂടിവക്കുകയായിരുന്നു. പീഡനത്തിനു പിന്നിൽ പ്രവർത്തിച്ച നാലു വിദ്യാർഥികളെയും അറസ്റ്റ് ചെയ്തിരുന്നു. സംഭവം മൂടി വച്ചതിന് സ്കൂൾ ഡയറക്ടർ, പ്രിൻസിപ്പൽ,  അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എന്നിവർ ഉൾപ്പെടെ അഞ്ചു പേരെയും കേസിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

പെണ്‍കുട്ടിയുടെ പരാതി മറച്ച് വക്കാന്‍ ശ്രമിച്ച  സ്കൂളിനുള്ള അംഗീകാരവും സർക്കാർ ശുപാർശ പ്രകാരം സിബിഎസ്ഇ റദ്ദാക്കിയിരുന്നു. വിദ്യാർഥിനിക്കു പ്രവേശനം നിഷേധിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന്  പൊലീസ് സീനിയര്‍ സൂപ്രണ്ട്  പറഞ്ഞു. പരാതി പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. പരാതിയിൽ പറഞ്ഞിരിക്കുന്ന വിദ്യാലയങ്ങൾക്കെല്ലാം പൂജാ അവധിയാണിപ്പോൾ. സ്കൂൾ തുറക്കുന്ന തിങ്കളാഴ്ച പൊലീസ് സംഘത്തെ അയയ്ക്കുമെന്നും. പരാതി സത്യമാണെന്നു തെളിഞ്ഞാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആംബുലൻസ് ഇല്ല, 4മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പച്ചക്കറി ചാക്കിലാക്കി ബസിൽ വീട്ടിലെത്തിക്കേണ്ട ദുരവസ്ഥയിൽ ആദിവാസി കുടുംബം
ഗുരുവായൂരിൽ പൂക്കച്ചവടക്കാരന്റെ കൈ തല്ലി ഒടിച്ച സംഭവം, പ്രതി പിടിയിൽ