
ആലപ്പുഴ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് 75 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ഹയർസെക്കന്ററി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി, ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യം, ഹൈസ്കൂൾ വിഭാഗം തിരുവാതിര, പരിചമുട്ടുകളി, കോൽക്കളി, പഞ്ചവാദ്യം തുടങ്ങിയ ഇനങ്ങളാണ് ഇന്ന് അരങ്ങിലെത്തുന്നത്. ആദ്യദിവസമായ ഇന്നലെ പല മത്സരങ്ങളും അര്‍ദ്ധരാത്രിവരെ നീണ്ടു. ഇന്നലെ ആരംഭിച്ച കലോത്സവ വേദിയിൽ ഇതുവരെ 413 അപ്പീലുകളാണ് എത്തിയത്.
വേദികളിലെ സൗകര്യക്കുറവായിരുന്നു ആദ്യ ദിവസങ്ങളിൽ മത്സരാർത്ഥികൾ ഉന്നയിച്ച പ്രധാന പരാതി. ചെലവ് ചുരുക്കിയാണ് കലാമേള നടത്തുന്നതെങ്കിലും പ്രാഥമിക സൗകര്യങ്ങൾ പോലും മിക്ക സ്റ്റേജുകളിലുമുണ്ടായിരുന്നില്ലെന്ന് മൽസരാർത്ഥികൾ പറയുന്നു. രക്ഷിതാക്കളും ഇതേ പരാതി തന്നെ ഉന്നയിച്ചിരുന്നു. മത്സരം കഴിഞ്ഞിറങ്ങിയവരെല്ലാം തന്നെ പറയാനുണ്ടായിരുന്നത് വേദികളിലെ അസൗകര്യങ്ങളെക്കുറിച്ചായിരുന്നു. ചെലവ് ചുരുക്കിയാണ് മേള നടത്തുന്നതെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ സംഘാടക സമിതി ജാഗ്രത പുലർത്തണമെന്നാണ് മത്സരാർത്ഥികളുടെയും രക്ഷിതാക്കളുടെയുമെല്ലാം ആവശ്യം.
ആദ്യദിവസത്തെ നാടൻപാട്ട് വേദിയിൽ തിരശ്ശീല ഇല്ലാത്തത് പ്രതിഷേധത്തിന് കാരണമായിരുന്നു. ഒൻപത് മണിക്ക് തുടങ്ങേണ്ട നാടൻപാട്ട് ആരംഭിച്ചത് 11 മണിക്കായിരുന്നു. രക്ഷിതാക്കളും മത്സരാർത്ഥികളും ഒരുപോലെ പ്രതിഷേധിച്ചതിനെ തുടർന്ന് വേദിയിൽ തിരശ്ശീലയിടാൻ അധികൃതർ തയ്യാറാവുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam