കഞ്ചാവ് ലഹരിയ‌ല്ല, ഔഷധമാണ്; വിവാദ പ്രസംഗവുമായി സ്വാമി നിത്യാനനന്ദ

By Web TeamFirst Published Nov 21, 2018, 11:24 PM IST
Highlights
കഞ്ചാവ് ലഹരിയല്ലെന്നും അവ ശരീരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ സൃഷ്ടിക്കുന്നില്ലെന്നും നിത്യാനന്ദ പ്രസംഗത്തിൽ പറഞ്ഞിരുന്നു. പ്രസംഗത്തെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് നിത്യാനന്ദയ്ക്ക് നോട്ടീസ് അയച്ചിരുന്നു

കർണാടക:കഞ്ചാവ് ലഹരിയല്ലെന്നും അതൊരു ഔഷധമാണെന്നുമുള്ള വിവാദ പ്രസ്താവനയുമായി സ്വാമി നിത്യാനന്ദ. കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായ ഒരു പ്രസംഗത്തിലാണ് നിത്യാനന്ദ ഇപ്രകാരം പറഞ്ഞത്. കഞ്ചാവ് ലഹരിയല്ലെന്നും അവ ശരീരത്തിൽ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെ സൃഷ്ടിക്കുന്നില്ലെന്നും നിത്യാനന്ദ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

പ്രസംഗത്തെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് നിത്യാനന്ദയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതുവരെ നിത്യാനന്ദ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരായിട്ടില്ല. ബിഡാഡിയിലുള്ള ആശ്രമത്തിലും ഇയാൾ ഇല്ല എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ചതുർമാസത്തോട് അനുബന്ധിച്ച് നിത്യാനന്ദ സംസ്ഥാനത്തിന് പുറത്ത് പോയതാണെന്നാണ് അനുമാനം. ബിഡദിയിലുള്ള ആശ്രമവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. കർ‌ണാടകത്തിലെ രാമനഗര ജില്ലയിലെ ബിഡദിയിലാണ് നിത്യാനന്ദയുടെ ആശ്രമം സ്ഥിതി ചെയ്യുന്നത്.

''മദ്യത്തിന് മാത്രമേ നമ്മെ അടിമയാക്കാൻ സാധിക്കൂ. എന്നാൽ ഒരിക്കലും കഞ്ചാവിന് അടിമപ്പെടില്ല. കാരണം അതൊരു ഔഷധമാണ്. അതുകൊണ്ടു തന്നെ കഞ്ചാവ് ഉപയോഗിക്കുന്നത് വഴി ശരീരത്തിന് ദോഷമൊന്നും സംഭവിക്കില്ല. ഞാൻ കഞ്ചാവിന്റെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്ക്കുകയോ അല്ല. ഞാനിവ ഒരിക്കലും ഉപയോഗിച്ചിട്ടില്ല. കഞ്ചാവ് എല്ലാവരും ഉപയോഗിക്കണമെന്നല്ല ഞാൻ പറയുന്നത്.'' നിത്യാനന്ദ പറയുന്നു.

നിരവധി ആളുകളിൽ മദ്യപാന ആസക്തി കണ്ടിട്ടുണ്ട്. എന്നാൽ കഞ്ചാവ് ഉപയോഗിക്കുന്നതിൽ ആസക്തിയുള്ളവരെ കണ്ടിട്ടില്ല. കഞ്ചാവ് ഉപയോഗിക്കുന്നവർക്ക് അത് ആവശ്യമെങ്കിൽ നിർത്താനും അവകാശമുണ്ട്. ഇതുപയോഗിച്ച് ആരോഗ്യം തകർന്നവരെ കണ്ടിട്ടില്ലെന്നും നിത്യാനന്ദ പ്രസംഗത്തിൽ പറയുന്നു.

നിത്യാനന്ദയുടെ ഈ പ്രസംഗ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് പങ്കിട്ടത്. മാത്രമല്ല ചില മാധ്യമങ്ങൾ അത് വാർത്തയായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് പൊതുജനങ്ങളിൽ നിന്ന് ക്രൈം ബ്രാഞ്ചിന് പരാതി ലഭിക്കുന്നത്. ഈ പ്രസംഗത്തെക്കുറിച്ച് കൃത്യമായ വിശദീകരണം ആവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് നോട്ടീസ് അയ‌ച്ചിരിക്കുന്നത്. ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകൾ നിത്യാനന്ദയ്ക്കെതിരെയുണ്ട്

 

click me!