കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ തന്നെ; നാടകം തുടരുന്നു

By Web TeamFirst Published Jan 19, 2019, 5:28 AM IST
Highlights

വെള്ളിയാഴ്ച വിധാൻ സൌധയിൽ നടന്ന കോൺഗ്രസ് നിയമസഭാകക്ഷിയോഗത്തിന് ശേഷം പങ്കെടുത്ത എല്ലാ എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റിയത്. ബിദഡിയിലെ റിസോർട്ടിലേക്കാണ് എംഎൽഎമാരെ മാറ്റിയത്

ബംഗലൂരു: കർണാടകത്തിലെ കോൺഗ്രസ്‌ എംഎൽഎമാർ ബിഡദിയിലെ റിസോർട്ടിൽ തുടരുന്നു. ഇന്നലെ നിയമസഭാ കക്ഷി യോഗത്തിന് പിന്നാലെയാണ് എംഎൽഎമാരെ റിസോർട്ടിലേക്ക് കൊണ്ടുവന്നത്. യോഗത്തിൽ നിന്ന് വിട്ടുനിന്ന നാല് എംഎൽഎമാരോടും വിശദീകരണം തേടി ഇന്ന് കത്ത് നൽകും. രമേഷ് ജാർക്കിഹോളി, കെ മഹേഷ്‌ എന്നിവരെ അയോഗ്യരാക്കാനാണ് കോൺഗ്രസ്‌ തീരുമാനം. അതെ സമയം നാല് എംഎൽഎമാരുമായും താൻ സംസാരിക്കുന്നുണ്ടെന്നും അവർ തിരിച്ചവരുമെന്നും മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു. ഹരിയാനയിൽ ഇപ്പോഴും തങ്ങുന്ന ചില ബിജെപി എംഎൽഎമാർ ഇന്ന് തന്നെ മടങ്ങിയെത്തിയേക്കും.

വെള്ളിയാഴ്ച വിധാൻ സൌധയിൽ നടന്ന കോൺഗ്രസ് നിയമസഭാകക്ഷിയോഗത്തിന് ശേഷം പങ്കെടുത്ത എല്ലാ എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റിയത്. ബിദഡിയിലെ റിസോർട്ടിലേക്കാണ് എംഎൽഎമാരെ മാറ്റിയത്. ആകെ 75 എംഎൽഎമാരാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്തത്. കർണാടക നിയമസഭയിൽ കോൺഗ്രസിന് ആകെ 80 എംഎൽഎമാരാണുള്ളത്. ഇതിൽ ഒരാൾ സ്പീക്കറാണ്. നാല് വിമത എംഎൽഎമാർ ഇന്ന് യോഗത്തിൽ നിന്ന് വിട്ടു നിന്നു. 

യോഗശേഷമാണ് 75 എംഎൽഎമാരെയും രണ്ട് ടൂറിസ്റ്റ് ബസ്സുകളിൽ കയറ്റി റിസോർട്ടിലേക്ക് മാറ്റിയത്. കർണാടക പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവും എംഎൽഎമാർക്കൊപ്പം ബസ്സിലുണ്ട്. ഇന്ന് യോഗത്തിൽ പങ്കെടുത്ത എംഎൽഎമാരെല്ലാം ഒപ്പം നിൽക്കുമെന്ന പ്രതീക്ഷ കോൺഗ്രസിനില്ല എന്ന് തന്നെയാണ് ഇത് കാണിക്കുന്നത്. ആഭ്യന്തരകലാപം തുടരുന്നതിനാൽത്തന്നെയാണ് ബിജെപി എംഎൽഎമാരെ ചാക്കിട്ട് പിടിക്കുന്നത് തടയാൻ റിസോർട്ടിലേക്ക് മാറ്റുന്നത്.

ഭരണപ്രതിസന്ധിക്കിടെ ബെംഗളൂരുവിൽ കോൺഗ്രസ് വിളിച്ചുചേർത്ത നിയമസഭാ കക്ഷിയോഗം വൈകിട്ട് നാല് മണിയോടെയാണ് തുടങ്ങിയത്. കർണാടകത്തിലെ കോൺഗ്രസ് നിയമസഭാകക്ഷിനേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് യോഗം നടന്നത്. വരാത്തവർക്ക് നോട്ടീസ് നൽകുമെന്നും കൂറുമാറ്റനിരോധനനിയമപ്രകാരം ഇവരെ അയോഗ്യരാക്കാൻ സ്പീക്കർക്ക് കത്തു നൽകുമെന്നും സിദ്ധരാമയ്യ വിപ്പ് പുറപ്പെടുവിച്ചിരുന്നതാണ്.  

വിപ്പുണ്ടായിട്ടും വിമതരായ നാല് എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കാനെത്തിയില്ല. എന്നാൽ രണ്ട് എംഎൽഎമാർ വരാതിരുന്നതിന് കാരണം ബോധിപ്പിച്ചിട്ടുണ്ട്. ഉമേഷ് യാദവും ബി നാഗേന്ദ്രയുമാണ് കാരണം ബോധിപ്പിച്ചത്. എന്നാൽ മുൻ മന്ത്രിയായിരുന്ന രമേഷ് ജർക്കിഹോളിയും മഹേഷ് കുമത്തള്ളിയും വിട്ടുനിൽക്കുകയാണ്. വരാത്തതെന്തെന്ന കാരണവും ബോധിപ്പിച്ചിട്ടില്ല.  ഉമേഷ് യാദവും ബി നാഗേന്ദ്രയും പാർട്ടിയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.

75 പേരെ യോഗത്തിനെത്തിക്കാൻ കഴിഞ്ഞതോടെ സർക്കാർ താഴെ വീഴില്ലെന്ന ആശ്വാസത്തിലാണ് കോൺഗ്രസ്. ഈ എംഎൽഎമാരെയെല്ലാം റിസോർട്ടിലേക്ക് മാറ്റിയാൽ കൂടുതൽ പേർ കളംമാറുന്നത് തടയാൻ കഴിയുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.

click me!