കവിതാ മോഷണ വിവാദം; ദീപ നിശാന്തിനെതിരെ എസ്എഫ്ഐ സംസ്ഥാന നേതൃത്വം

By Web TeamFirst Published Dec 5, 2018, 9:16 AM IST
Highlights

മോഷണം ആര് നടത്തിയാലും തെറ്റാണെന്ന് എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവ് വ്യക്തമാക്കി. അതേസമയം തൃശൂർ കേരളവർമ്മ കോളേജിലെ എസ്എഫ്ഐ പ്രവർത്തകർ തങ്ങളുടെ അധ്യാപികയായ ദീപയ്ക്ക് പൂർണ പിന്തുണയാണ് നൽകിയിരിക്കുന്നത്. 

തൃശ്ശൂര്‍: കവിതാ മോഷണത്തിൽ ദീപ നിശാന്തിനെതിരെ എസ്എഫ്ഐ സംസ്ഥാന നേതൃത്വം. മോഷണം ആര് നടത്തിയാലും തെറ്റാണെന്ന് എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവ്  വ്യക്തമാക്കി. അതേസമയം തൃശൂർ കേരളവർമ്മ കോളേജിലെ എസ്എഫ്ഐ പ്രവർത്തകർ തങ്ങളുടെ അധ്യാപികയായ ദീപയ്ക്ക് പൂർണ പിന്തുണയാണ് നൽകിയിരിക്കുന്നത്.  അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് ഇടതുപക്ഷ വേദികളിൽ സജീവമായിരുന്നു. 

എസ്എഫ്ഐ നേതൃത്വം നൽകുന്ന കോളേജ് യൂണിയന്‍റെ ഫൈൻ ആർട്സ് ഉപദേശകയായ ദീപയ്ക്ക് കവിതാ മോഷണ വിവാദത്തിൽ പെട്ടു നിൽക്കുമ്പോഴും കോളേജിലെ എസ് എഫ് ഐ പ്രവർത്തകർ പൂർണ പിന്തുണയാണ് നൽകുന്നത്. ദീപ നിശാന്തിനെതിരെ കോളേജിൽ എബിവിപി പ്രവർത്തകർ പ്രതിഷേധവുമായിവന്നാൽ അതിനെ ശക്തമായി പ്രതിരോധിക്കാനാണ് യൂണിറ്റ് കമ്മിറ്റിയുടെ തീരുമാനമെന്നാണ് സൂചന. ഇതിനിടെയാണ് എസ്എഫ്ഐ സംസ്ഥാന നേതൃത്വം ദീപയെ പൂർണമായി തള്ളി നിലപാട് എടുത്തിരിക്കുന്നത്.  മോഷണം സാഹിത്യ മേഖലയിലായാലും ഏത് മേഖലയിലായാലും മോഷണം തന്നെയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.

എഴുത്തുകാരി ദീപ നിശാന്ത് തന്റെ കവിത മോഷ്‍ടിച്ച് വികലമാക്കി പ്രസിദ്ധീകരിച്ചെന്ന ആരോപണവുമായി യുവ കവി എസ് കലേഷ് ആണ് രംഗത്ത് വന്നത്.  തന്‍റെ കവിത അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും ദീപ നിശാന്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ചെന്നായിരുന്നു എസ് കലേഷിന്‍റെ ആരോപണം. ആദ്യം ആരോപണം നിഷേധിച്ച ദീപ പിന്നീട് തെറ്റ് പറ്റിയതായി തുറന്ന് സമ്മതിച്ച് കലേഷിനോട് ക്ഷമ ചോദിച്ചിരുന്നു.

click me!