
ഭുവന്വേശർ: ഒഡീഷയിലെ ദെന്‍കനാല്‍ അഭയ കേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 47 പെണ്‍കുട്ടികള്‍ ലൈംഗീക പീഡനത്തിന് ഇരയായെന്ന് പരാതി. സംഭവത്തില്‍ അഭയ കേന്ദ്രത്തിലെ മേധാവി ഉള്‍പ്പടെ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗുഡ് ന്യൂസ് ഇന്ത്യ എന്ന സന്നദ്ധ സംഘടനയാണ് അഭയ കേന്ദ്രം നടത്തുന്നത്. ഇവരുടെ ദെന്‍കല്‍ ജില്ലയിലുള്ള അഭയ കേന്ദ്രത്തില്‍ 5 മുതല്‍ 16 വയസ്സുള്ള 47 പെണ്‍കുട്ടികളുണ്ട്. 34 ആണ്‍കുട്ടികളും. 2 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തിന് ഒഡീഷയില്‍ തന്നെ 22 ബ്രാഞ്ചുകളുമുണ്ട്. ദെന്‍കലിലുള്ള അഭയകേന്ദ്രം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് ശിശു സംരക്ഷണ സമിതി പരിശോധന നടത്തി. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ലൈംഗീക അതിക്രമ വാര്‍ത്ത പുറത്തു വരുന്നത്.
അഭയ കേന്ദ്രത്തിന്‍റെ മേധാവി ഫയാസ് റഹ്മാന്‍, സഹായി സിമഞ്ചല്‍ നായിക് എന്നിവര്‍ രണ്ട് വര്‍ഷമായി തങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടികള്‍ ശിശു സംരക്ഷണ സമിതിയോട് വെളിപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു അന്വേഷണം തുടങ്ങി. ദെന്‍കല്‍ അഭയകേന്ദ്രത്തിലുള്ള കുട്ടികളെ മറ്റൊരിടത്തേക്ക് മാറ്റി.
ഇവരുടെ മറ്റു സ്ഥലങ്ങളിലെ അഭയ കേന്ദ്രങ്ങളിലും പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. സംഭവം ഒഡീഷ രാഷ്ട്രീയത്തിലും വലിയ ചലനമാണ് ഉണ്ടാക്കിയത്. ലോക് സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ അഭയ കേന്ദ്രത്തിലെ പീഡന പരാതി ഭരണകക്ഷിയായ ബിജെഡിക്കെതിരെ സമരായുധമാക്കുകയാണ് പ്രതിപക്ഷം. ഒഡീഷ വനിത ശിശു ക്ഷേമ വകുപ്പ് മന്ത്രി പ്രഫുല്ല സമല്‍ രാജിവെക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam