ദില്ലി അഭയകേന്ദ്രത്തിലെ പെൺകുട്ടികൾക്ക് ക്രൂരപീഡനം; സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി വിതറിയതായി പരാതി

By Web TeamFirst Published Dec 29, 2018, 1:29 PM IST
Highlights

കേന്ദ്രത്തിലെ മുതിർന്ന വനിതാ ജീവനക്കാർ ശിക്ഷയാണെന്ന പേരിൽ തങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി വിതറാറുണ്ടെന്നതടക്കമുള്ള ഞെട്ടിപ്പിക്കുന്ന സംഭവങ്ങളായിരുന്നു പെൺകുട്ടികൾ അധികൃതരോട് വെളിപ്പെടുത്തിയത്. ജീവനക്കാർ നിർബന്ധിച്ച് മുളക് പൊടി കഴിപ്പിക്കുകയും ചെയ്തിരുന്നതായി കുട്ടികൾ പറയുന്നു. 

ദില്ലി: ദില്ലി അഭയകേന്ദ്രത്തിലെ അന്തേവാസികളായ പെൺകുട്ടികളെ ജീവനക്കാർ പീഡിപ്പിച്ചതായി പരാതി. ദില്ലി വനിതാ കമ്മീഷൻ അഭയകേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തറിയുന്നത്. ദില്ലി ദ്വാരകയിലെ അഭയകേന്ദ്രത്തിലാണ് സംഭവം. 

വ്യാഴാഴ്ചയാണ് ദില്ലി വനിതാ കമ്മീഷൻ അഭയകേന്ദ്രത്തിൽ പരിശോധന  നടത്തിയത്. അഭയകേന്ദ്രത്തിലെ പെൺകുട്ടികളുടെ അനുഭവങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ആറ് മുതൽ 15 വരെ പ്രായമുള്ള കുട്ടികളുമായി അധികൃതർ സംസാരിച്ചു. കേന്ദ്രത്തിലെ മുതിർന്ന വനിതാ ജീവനക്കാർ ശിക്ഷയാണെന്ന പേരിൽ തങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ മുളകുപൊടി വിതറാറുണ്ടെന്നതടക്കമുള്ള ഞെട്ടിപ്പിക്കുന്ന സംഭവങ്ങളായിരുന്നു പെൺകുട്ടികൾ അധികൃതരോട് വെളിപ്പെടുത്തിയത്. ജീവനക്കാർ നിർബന്ധിച്ച് മുളക് പൊടി കഴിപ്പിക്കുകയും ചെയ്തിരുന്നതായി കുട്ടികൾ പറയുന്നു. 

ഇതുകൂടാതെ, പാത്രം കഴുക്കുക, വസ്ത്രങ്ങൾ അലക്കുക, ടോയ്ലറ്റും ക്ലാസ് മുറികളും വ‍ൃത്തിയാക്കുക, ഭക്ഷണം പാകം ചെയ്യുക തുടങ്ങിയ ജോലികളെല്ലാം ജീവനക്കാർ തങ്ങളെക്കൊണ്ട് ചെയ്യിക്കാറുണ്ടെന്നും കുട്ടികൾ പറഞ്ഞു. 22 കുട്ടികൾക്കും ജീവനക്കാർക്കുമായി ഭക്ഷണം പാകം ചെയ്യാൻ ആകെ ഒരാളെ ഉള്ളു. മാത്രമല്ല, ഭക്ഷണം വളരെ മോശമാണെന്നും കുട്ടികൾ പറയുന്നു. ജീവനക്കാർ പറയുന്നത് അനുസരിക്കാതിരിക്കുകയോ ക്ലാസ്സ് മുറികൾ വൃത്തിയാക്കുകയോ ചെയ്യാതിരുന്നാൽ സ്കെയിൽ വച്ച് അടിക്കും. ക്രിസ്തുമസ്, വേനൽ അവധി ദിവസങ്ങളിൽ‌ വീട്ടിലേക്ക് പോകാൻ ജീവനക്കാർ അനുവദിക്കാറില്ലെന്നും കുട്ടികൾ വ്യക്തമാക്കി.
 
സംഭവത്തിൽ വനിതാ കമ്മീഷൻ വിവരം അറിയിച്ചതിനെ തുടർന്ന് വനിതാ കമ്മീഷൻ ചെയർമാൻ സ്വാതി മലിവാൾ അഭയകേന്ദ്രത്തിലെത്തി. തുടർന്ന് സ്വാതി മലിവാൾ ദ്വാരക ഡെപ്യൂട്ടി കമ്മീഷ്ണറെ വിവരമറിയിച്ചതിനെ തുടർന്ന്  പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. 

click me!