
ലഖ്‍നൗ: ഉത്തർപ്രദേശിലെ ബുലന്ദ്ഷെഹറിൽ പശുവിന്‍റെ ജഡം കണ്ടതിനെത്തുടർന്നുണ്ടായ കലാപത്തിൽ കൊല്ലപ്പെട്ട ഇൻസ്പെക്ടർ സുബോധ് കുമാറിന്‍റെ കുടുംബം ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടു. സുബോധ് കുമാറിന്‍റെ ഭാര്യയും രണ്ട് മക്കളും സഹോദരിയുമാണ് ലഖ്‍നൗവിലെത്തി മുഖ്യമന്ത്രിയെെ കാണാനെത്തിയത്.
സുബോധ് കുമാർ കൊല്ലപ്പെട്ട് മൂന്ന് ദിവസം പിന്നിട്ടിട്ടും കൊലപാതകത്തെക്കുറിച്ച് യോഗി ആദിത്യനാഥ് മൗനം പാലിച്ചത് വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കിയിരുന്നു. കലാപത്തെത്തുടർന്ന് വിളിച്ചു ചേർത്ത ക്രമസമാധാനപാലനയോഗത്തിൽ പശുവിനെക്കൊന്നത് ആരെന്ന് കണ്ടെത്തണമെന്നും പശുക്കൾക്ക് സംരക്ഷണമൊരുക്കുന്നതിനെക്കുറിച്ചും മാത്രമാണ് മുഖ്യമന്ത്രി സംസാരിച്ചത്. ഉത്തർപ്രദേശിൽ പശുവിനാണോ മനുഷ്യനാണോ വില എന്ന് ചോദിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
കൊലപാതകികൾക്ക് സംരക്ഷണമെന്ന് ആരോപണം
കൊല നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ കൃത്യമായി തിരിച്ചറിഞ്ഞിട്ടില്ലെന്ന വാദമാണ് അധികൃതർ ഉന്നയിക്കുന്നതെന്ന് കുടുംബം ആരോപിയ്ക്കുന്നു. കൃത്യമായ അന്വേഷണം ഉണ്ടാകില്ലെന്ന് ഭയന്നാണ് നേരിട്ട് മുഖ്യമന്ത്രിയെ കാണാൻ ജന്മനാടായ ഇട്ടായിൽ നിന്ന് ലഖ്നൗവിലെത്തിയതെന്നും കുടുംബം വ്യക്തമാക്കി. കൊലപാതകികളെ സംരക്ഷിയ്ക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിയ്ക്കുന്നതെന്നും കുടുംബം ആരോപിയ്ക്കുന്നു.
കലാപം നടക്കുന്ന സമയത്ത് തന്‍റെ മണ്ഡലമായ ഗോരഖ് പൂരിൽ ലൈറ്റ് ആന്‍റ് സൗണ്ട് ഷോയിൽ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കലാപവിവരമറിഞ്ഞിട്ടും സ്ഥലത്ത് നടന്ന കബഡി മത്സരം കൂടി കണ്ട ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്. ഞായറാഴ്ച നടന്ന കലാപത്തെക്കുറിച്ചുള്ള വിലയിരുത്തൽ യോഗം നടന്നത് ചൊവ്വാഴ്ച മാത്രമാണ്. തിങ്കളാഴ്ച തെലങ്കാനയിൽ ബിജെപിയ്ക്ക് വേണ്ടി പ്രചാരണയോഗത്തിൽ സംസാരിയ്ക്കാൻ പോയതായിരുന്നു യോഗി ആദിത്യനാഥ്.
ഈ സാഹചര്യത്തിലാണ് യോഗിയ്ക്കെതിരെ വിമർശനം രൂക്ഷമായത്. സാമൂഹ്യമാധ്യമങ്ങളിലടക്കം രോഷം പ്രകടമായതോടെയാണ് കുടുംബത്തെ കാണാൻ തയ്യാറാണെന്ന് യോഗി വ്യക്തമാക്കിയത്.
സംഭവത്തിൽ ഊർജിതമായ അന്വേഷണം നടക്കുമെന്ന് ഉറപ്പ് കിട്ടിയതായി കുടുംബം പ്രതികരിച്ചു.
മുഖ്യപ്രതിയ്ക്കായി തെരച്ചിൽ തുടരുന്നു
കൊലപാതകക്കേസിൽ മുഖ്യപ്രതിയായ ബജ്‍രംഗദൾ പ്രവർത്തകൻ യോഗേഷ് രാജിന് വേണ്ടി തെരച്ചിൽ തുടരുകയാണ്. തനിയ്ക്ക് കൊലപാതകത്തിൽ പങ്കില്ലെന്നും തന്നെ ക്രിമിനലായി ചിത്രീകരിയ്ക്കാൻ ശ്രമിയ്ക്കുകയാണെന്നും യോഗേഷ് രാജ് പറയുന്ന ഒരു വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. കേസിൽ ഇനി 29 പേർ കൂടി പിടിയിലാകാനുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam