
ദില്ലി: പികെ ശശിക്കെതിരായ പരാതി മൂടിവച്ചെന്ന ആരോപണം സിപിഎം കേന്ദ്രനേതൃത്വത്തിലും ഭിന്നതയ്ക്കിടയാക്കുന്നു. യെച്ചൂരി പരാതി സ്ഥിരീകരിച്ചത് പാർട്ടി കേരളഘടകത്തോട് ചേർന്ന് നില്ക്കുന്ന നേതാക്കളെ വെട്ടിലാക്കി. വൃന്ദകാരാട്ട് പരാതി കിട്ടിയിട്ടും അറിയിക്കാത്തതിൽ സീതാറാം യെച്ചൂരി പിബിയിൽ അതൃപ്തി പ്രകടിപ്പിച്ചു.
പരാതിയിൽ ഡിവൈഎഫ്ഐ നേതാവ് സംസ്ഥാന ഘടകത്തെ സമീപിച്ച ശേഷമാണ് കേന്ദ്ര നേതൃത്വത്തിന് എഴുതിയത്. വൃന്ദാകാരാട്ടിന് പരാതി അയച്ചത് കഴിഞ്ഞ മാസം പതിനാലിനാണ്. തുടർന്ന് പാലക്കാട് ജില്ലയിൽ തന്നെയുള്ള ചില നേതാക്കൾ അനൗദ്യോഗികമായി സീതാറാം യെച്ചൂരിക്ക് മുന്നിൽ വിഷയം എത്തിച്ചു. പരാതിക്കാരി നേരിട്ട് യെച്ചൂരിക്ക് ഇന്നലെ പരാതി നല്കുകയായും ചെയ്തു.
ഉച്ചയ്ക്കു ശേഷം അവയിലബിൾ പിബി വിളിച്ച് യെച്ചൂരി പരാതി മറ്റംഗങ്ങളെ കാണിച്ചു. നേരത്തെ പരാതി എത്തിയിട്ടും പിബിക്കു മുമ്പാകെ വയ്ക്കാത്തതിലുള്ള അതൃപ്തി യെച്ചൂരി പ്രകടിപ്പിക്കുകയും ചെയ്തു. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടി സംസാരിച്ച ശേഷമാണ് രണ്ടംഗസമിതിയുടെ അന്വേഷണം പിബി തീരുമാനമായി സംസ്ഥാനത്തിന് നല്കിയത്. സാധാരണ പാർട്ടിക്കകത്തെ പരാതികൾ പര്യമാക്കാറില്ലെങ്കിലും യെച്ചൂരി മാധ്യമങ്ങളോട് ഇന്നിത് വെളിപ്പെടുത്തി.
എന്നാൽ അറിയില്ലെന്നായിരുന്നു പ്രകാശ് കാരാട്ടിൻറെ നിലപാട്. പിബിയിൽ സംസ്ഥാനഘടകത്തോട് ചേർന്നു നില്‍ക്കുന്ന കാരാട്ട് പക്ഷത്തിനെതിരെ ഈ വിഷയം എതിർപക്ഷം ആയുധമാക്കുകയാണ്. മാത്രമല്ല പാലക്കാട് ജില്ലയിലെ പ്രമുഖനേതാക്കൾ തന്നെ പരാതി മൂടിവയ്ക്കുന്നതിനെതിരെ രംഗത്തു വന്നതും യെച്ചൂരിയെ ഉടൻ നിലപാടെടുക്കാൻ പ്രേരിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam