
പത്തനംതിട്ട: ചിത്തിര വിശേഷ പൂജയ്ക്കായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് രാജീവരും മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും ചേർന്ന് നട തുറന്ന് വിളക്ക് തെളിയിച്ചു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. നിരോധനാജ്ഞയ്ക്കിടെയാണ് നട തുറന്നത്.
അയ്യായിരത്തിലധികം പേർ ശബരിമലയിലെത്തി. വരും മണിക്കൂറുകളിൽ തിരക്ക് ഇനിയും കൂടുമെന്നാണു കണക്കുകൂട്ടൽ. ഇതുവരെ യുവതികളാരും ദർശനത്തിന് എത്തിയിട്ടില്ല. ശബരിമലയില്‍ ഇന്ന് പ്രത്യേക പൂജകൾ ഉണ്ടാവില്ല. ചൊവ്വാഴ്ച രാവിലെ അഞ്ചിന് നടതുറന്ന് നിർമാല്യവും അഭിഷേകത്തിനും ശേഷം നെയ്യഭിഷേകം, ഉഷഃപൂജ, ഉച്ചപൂജ എന്നീ പതിവ് പൂജകൾ ഉണ്ടാവും. കലശാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയവയും നടക്കും. അത്താഴപൂജയ്ക്കുശേഷം പത്തുമണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും.
മണ്ഡലമാസ പൂജകൾക്കായി നവംബർ 16-ന് വൈകിട്ട് നട തുറക്കും. അന്ന് ശബരിമല-മാളികപ്പുറങ്ങളിലേക്കുള്ള പുതിയ മേൽശാന്തിമാരുടെ അവരോധന ചടങ്ങും നടക്കും. പുതിയ മേൽശാന്തിമാർ ആയിരിക്കും വൃശ്ചികം ഒന്നിന് നട തുറക്കുക.
അതീവസുരക്ഷ സന്നാഹങ്ങളാണ് ശബരിമലയിൽ തയ്യാറാക്കിയിരിക്കുന്നത്. 20 കിലോമീറ്റർ മുമ്പ് മുതൽ പൊലീസ് അതിശക്തമായ കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇരുമുടിക്കെട്ടില്ലെങ്കിൽ തടയുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പൊലീസ് അറിയിച്ചു. 20 കമാൻഡോകളും 100 വനിതാ പൊലീസ് ഉദ്യോഗസ്ഥരും അടക്കം 2300 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് സന്നിധാനത്ത് നിയമിച്ചത്. എഡിജിപി അനിൽകാന്തിനാണ് സുരക്ഷാ മേൽനോട്ട ചുമതല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam