
ഭോപ്പാൽ: തന്റെ രക്തത്തിനായി കോൺഗ്രസ് ദാഹിക്കുകയാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. കഴിഞ്ഞ ദിവസമാണ് ശിവരാജ് സിംഗ് ചൗഹാന്റെ കാറിന് നേരേ കല്ലും ചെരിപ്പുമുപയോഗിച്ച് ആക്രമണമുണ്ടായത്. മധ്യപ്രദേശിൽ മുമ്പെങ്ങും ഇത്തരം ആക്രമണങ്ങൾ നടന്നിട്ടില്ലെന്നും രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ ഇത്തരത്തിലല്ല നേരിടേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ ജന ആശീർവാദ് യാത്രയ്ക്ക് നേരെ അക്രമികൾ കരിങ്കൊടി കാണിക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ പങ്കാളികളായ എല്ലാ കോൺഗ്രസ് പ്രവർത്തകരെയും അറസ്റ്റ് ചെയ്യണമെന്നും ശിവരാജ് ചൗഹാൻ പറഞ്ഞു. എന്നാൽ ഈ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് പങ്കില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഞായറാഴ്ച ഇദ്ദേഹത്തിന്റെ വാഹനത്തിന് നേരെ നടന്ന കല്ലേറിൽ ഒൻപത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. അസംബ്ലി തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന റാലിയിലായിരുന്നു അക്രമം. പുറത്ത് വന്ന് തന്നോട് മത്സരിക്കാൻ ശിവരാജ് സിംഗ് ചൗഹാൻ കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് സമീപത്തെത്തുമ്പോഴുള്ള ബിജെപിയുടെ നാടകമാണിതെന്നാണ് കോൺഗ്രസ് നേതാവ് അജയ് സിംഗ് നൽകിയ വിശദീകരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam