
ചെന്നൈ: ഡി.എം.കെ അധ്യക്ഷനും തമിഴ്നാട് മുൻ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കടുത്ത പനി ബാധിച്ച് ചെന്നെെയിലെ ഗോപാലപുരത്തുള്ള വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന കരുണനിധിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് മകന്‍ എം.കെ. സ്റ്റാലിനാണ് അറിയിച്ചത്. എണ്ണമില്ലാത്ത അത്രയും പ്രതിബന്ധങ്ങള്‍ തകര്‍ത്തയാളാണ് അദ്ദേഹമെന്ന് സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു. 80 വര്‍ഷമായി പൊതുസമൂഹത്തിലുണ്ട്.
70 വര്‍ഷം സിനിമയിലും കലാ മേഖലയിലുമുണ്ടായിരുന്നു. 50 വര്‍ഷമായി ഡിഎംകെയുടെ അധ്യക്ഷനുമാണ്. അദ്ദേഹത്തിന്‍റെ പനി കുറഞ്ഞ് വരികയാണെന്നും സ്റ്റാലിന്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കരുണാനിധിയുടെ ആരോഗ്യ വിവരം അന്വേഷിച്ച് സ്റ്റാലിനുമായും മകള്‍ കനിമൊഴിയുമായും ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സഹായങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അറിയിക്കണമെന്നും പ്രധാനമന്ത്രി അറിയിച്ചു. കാവേരി ആശുപത്രിയിലെ ഡോക്ടർമാരുടെ വിദഗ്ദ സംഘം കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടിൽ ചികിത്സ തുടരുന്നത്.
എംഡിഎംകെ അധ്യക്ഷൻ വൈകോ,ടിവിസി കക്ഷി നേതാവ് വേൽമുരുകൻ എന്നിവർ കരുണാനിധിയുടെ വീട്ടിലെത്തി. ഗോപാലപുരത്തെ വീട്ടിലേക്ക് വരേണ്ടതില്ലെന്ന് പ്രവർത്തകർക്ക് ഡി എം കെ കർശന നിർദേശം നൽകിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം പുറത്തിറങ്ങിയ മെഡിക്കൽ ബുള്ളറ്റിൻ കരുണാനിധിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് സൂചിപ്പിക്കുന്നതായിരുന്നു. മാറിയ സാഹചര്യത്തിൽ കരുണാനിധി ഡി എം കെ അധ്യക്ഷനായി അമ്പതാം വർഷത്തിലേക്ക് കടക്കുന്നതിന്റെ ആഘോഷ പരിപാടികൾ പാർട്ടി റദ്ദാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam