
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ കേസില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. കമ്മീഷന്റെ കാലാവധി 27ന് അവസാനിക്കാനിരിക്കെ ജസ്റ്റിസ് ജി ശിവരാജന്‍ സെക്രട്ടേറിയറ്റിലെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട് കൈമാറിയത്. നാലു വാല്യങ്ങളിലായി റിപ്പോര്‍ട്ടാണ് കൈമാറിയത്. അതേസമയം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ജസ്റ്റിസ് ശിവരാജന്‍ തയ്യാറായില്ല. വിവരങ്ങള്‍ മുഖ്യമന്ത്രി പറയുമെന്നും അദ്ദേഹം പറഞ്ഞു. പരിഗണന വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കൂടുതല്‍ പ്രതികരണങ്ങള്‍ പിന്നീടാകാമെന്നാണ് ജസ്റ്റിസ് ജി ശിവരാജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
കേരളത്തില്‍ സൗരോര്‍ജ്ജ ഫാമുകളും കാറ്റാടി പാടങ്ങളും സ്ഥാപിക്കാമെന്ന് വാഗ്ദാനം നല്‍കി പലരില്‍ നിന്ന് പണം തട്ടിയെടുത്തെന്നാണ് പരാതി. അഴിമതിയുടെ പ്രഭവ കേന്ദ്രമെന്ന് ആരോപണമുയര്‍ന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ഓഫീസിനുമെതിരെയായിരുന്നു. മുഖ്യപ്രതി സരിതാ നായര്‍ അടക്കമുള്ളവരുടെ ഫോണ്‍ രേഖകള്‍ കൂടി പുറത്തു വന്നതോടെ യുഡിഎഫ് സര്‍ക്കാറിനെ വിവാദങ്ങളുടെ നടുക്കടലിലാക്കിയ ഒന്നാണ് സോളാര്‍ കേസ്.
എഴുപതിനായിരം മുതല്‍ അന്‍പത് ലക്ഷം രൂപ വരെ നഷ്ടപ്പെട്ടെന്ന പരാതിയുമായി എത്തിയത് നൂറോളം പേരാണ്. ഇടത് മുന്നണിയുടെ സെക്രട്ടേറിയറ്റ് ഉപരോധത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം 2013 ഒക്ടോബര്‍ 28 ന് ജസ്റ്റിസ് ജി ശിവരാജന്‍ ഏറ്റെടുത്തു. ഉമ്മന്‍ചാണ്ടിയെ കമ്മീഷന്‍ വിസ്തരിച്ചത് തുടര്‍ച്ചയായ 14 മണിക്കൂര്‍ ആയിരുന്നു.
216 സാക്ഷികളെ വിസ്തരിക്കുകയും 839 രേഖകള്‍ പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ആറുമാസത്തെ കാലാവധി പലതവണ നീട്ടി മൂന്നര വര്‍ഷത്തിന് ശേഷമാണ് അന്തിമ റിപ്പോര്‍ട്ടിലേക്ക് കാര്യങ്ങളെത്തുന്നത്. രാഷ്ട്രീയ കേരളത്തിന്റെ ആകാംക്ഷ മുഴുവന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളിലും ശുപാര്‍ശകളിലുമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam