
ജെയ്പൂര്‍: ഛത്തീസ്ഗഡിലും ഗോവയിലും കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളെ സ്വന്തം പാളയത്തിലെത്തിച്ച ബിജെപിക്ക് രാജസ്ഥാനില്‍ തിരിച്ചടി. നിയമസഭ തെരഞ്ഞെടുപ്പിന് രണ്ട് മാസം തികച്ചില്ലാത്തപ്പോഴാണ് രാജസ്ഥാന്‍ ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുടെ മകനുമായ മന്‍വേന്ദ്ര സിംഗ് ചുവട് മാറി കോണ്‍ഗ്രസിലെത്തിയത്.
നാളെ ദില്ലിയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ചടങ്ങില്‍ ഔദ്യോഗികമായി മന്‍വേന്ദ്ര കോണ്‍ഗ്രസിന്‍റെ ഭാഗമാകുമെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പതിറ്റാണ്ടുകളായി പ്രവര്‍ത്തകര്‍ ബിജെപിക്കുള്ളില്‍ വീര്‍പ്പുമുട്ടുകയാണ്.
ഇതാണ് പല നേതാക്കളും പാര്‍ട്ടി വിടാനുള്ള കാരണം. മുഖ്യമന്ത്രി വസുന്ധരരാജ വിഷയങ്ങളില്‍ ആത്മപരിശോധനയ്ക്ക് തയാറാകണമെന്നും മന്‍വേന്ദ്ര പറഞ്ഞു. വാജ്പേയ് സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രിസഭയിലുണ്ടായിരുന്ന ജസ്വന്ത് സിംഗിന്‍റെ മകനാണ് മന്‍വേന്ദ്ര.
നേരത്തെ, ഛത്തീസ്ഗഡിലും ഗോവയിലും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡില്‍ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്‍റായ രാം ദയാലിന്‍റെ പാര്‍ട്ടി മാറ്റത്തിന്‍റെ ആഘാതത്തില്‍ നിന്ന് കോണ്‍ഗ്രസ് മുക്തരായിട്ടില്ല.
അതിന് പിന്നാലെ ഗോവയില്‍ രണ്ട് എംഎല്‍എമാരെയാണ് കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തി ബിജെപി സ്വന്തമാക്കിയത്. ഇതിന് അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam