
ഇസ്ലാമാബാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ന് പാകിസ്ഥാനിലെത്തും. രണ്ട് ദിവസമാണ് സൽമാൻ രാജകുമാരൻ പാകിസ്ഥാനിൽ ഉണ്ടാകുക. പാക് സന്ദർശനം പൂർത്തിയാക്കിയ ശേഷം നാളെ സൽമാൻ രാജകുമാരൻ ദില്ലിയിലെത്തും. സന്ദർശനത്തോടനുബന്ധിച്ച് ഇസ്ലാമാബാദിലെങ്ങും കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പുൽവാമ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച സൗദി, സൽമാൻ രാജകുമാരന്‍റെ സന്ദർശനദിവസങ്ങൾ വെട്ടിക്കുറച്ചിരുന്നു. ഇന്നലെയായിരുന്നു സൽമാൻ രാജകുമാരൻ പാകിസ്ഥാനിലെത്തേണ്ടിയിരുന്നത്. എന്നാൽ പുൽവാമ ഭീകരാക്രമണത്തിന് ശേഷം പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെ സൽമാൻ രാജകുമാരന്‍റെ സന്ദർശനദിവസങ്ങൾ മൂന്ന് ദിവസത്തിൽ നിന്ന് രണ്ട് ദിവസമായി കുറച്ചുവെന്ന് പാക് സർക്കാരിന് അറിയിപ്പ് കിട്ടുകയായിരുന്നു.
പാകിസ്ഥാന് പ്രത്യേക സാമ്പത്തിക പാക്കേജ് നൽകാൻ തീരുമാനിച്ച സൗദി കിരീടാവകാശി പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് എന്തെങ്കിലും പ്രതികരിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം ഇതാദ്യമായാണ് സൽമാൻ രാജകുമാരൻ പാകിസ്ഥാനിലെത്തുന്നത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, പ്രസിഡന്‍റ് ആരിഫ് അൽവി, സൈനികമേധാവി ഖമാർ ജാവേദ് ബജ്‍വ എന്നിവരുമായി സൽമാൻ രാജകുമാരൻ കൂടിക്കാഴ്ച നടത്തും. സന്ദർശനത്തോടനുബന്ധിച്ച് ഒരു ലക്ഷത്തി നാൽപത്തിരണ്ടായിരം കോടി രൂപയുടെ പാക്കേജാണ് പാകിസ്ഥാന് സൗദി നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam