വിവാദ പ്രസംഗം: ശ്രീധരന്‍ പിള്ളയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

By Web TeamFirst Published Nov 29, 2018, 7:15 AM IST
Highlights

വിവാദപ്രസംഗത്തിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരൻ പിള്ളയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജനങ്ങൾക്കിടയിൽ മത സ്പർദ്ധയുണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചെന്ന പരാതിയിലാണ് കോഴിക്കോട് കസബ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.

കൊച്ചി: ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് യുവമോർച്ച യോഗത്തില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിൽ എടുത്ത ക്രിമിനൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട്  ബിജെപി സംസ്ഥാന പ്രസിഡന്‍റ് ശ്രീധരൻ പിള്ള നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജനങ്ങൾക്കിടയിൽ മത സ്പർദ്ധയുണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചെന്ന പരാതിയിലാണ് കോഴിക്കോട് കസബ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തത്.

യുവതികള്‍ ശബരിമലയിലേക്ക് എത്തിയാല്‍ നട അടയ്ക്കുമെന്ന് തന്ത്രി പറഞ്ഞിരുന്നു. ഇത് തന്നോട് ആലോചിച്ച ശേഷമാണെന്ന് ശ്രീധരന്‍ പിള്ള യുവമോര്‍ച്ച യോഗത്തില്‍ പറഞ്ഞിരുന്നു. പ്രസംഗം വിവാദമായതോടെ തന്ത്രി ആണോ തന്ത്രി കുടുംബത്തിലെ മറ്റാരെങ്കിലും ആണോ വിളിച്ചതെന്ന് വ്യക്തതയില്ലെന്ന് അദ്ദേഹം നിലപാട് തിരുത്തിയിരുന്നു. എന്നാല്‍ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തന്ത്രി തന്നെ വിളിച്ചുവെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നത്. എന്നാല്‍, തനിക്കെതിരെയുള്ള പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും ദുരുദ്ദേശപരമായി സംസാരിച്ചിട്ടില്ലെന്നും ചൂണ്ടികാട്ടിയാണ് ശ്രീധരപിള്ളയുടെ ഹർജി. കേസ് റദ്ദാക്കാനാകില്ലെന്നും പ്രസംഗത്തെ തുടര്‍ന്ന ശബരിമല സന്നിധാനത്തടക്കം ക്രമസമാധാനപ്രശ്നങ്ങളുണ്ടായെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. 

click me!