മോദിയെ പാഠം പഠിപ്പിക്കുമെന്ന് വെല്ലുവിളിച്ച് എം.കെ. സ്റ്റാലിന്‍

By Web TeamFirst Published Aug 28, 2018, 5:13 PM IST
Highlights

ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞതാണ്. വിദ്യാഭ്യാസം, കല, സാഹിത്യം, മതം എന്നിവയെല്ലാം അധികാരത്തിലിരിക്കുന്നവരും വര്‍ഗീയ ശക്തികളും ചേര്‍ന്ന് ആക്രമിക്കുന്നു

ചെന്നെെ: എം. കരുണാനിധി എന്ന അതികായന്‍റെ വിയോഗം വരുത്തിയ ശൂന്യതയ്ക്ക് ശേഷം തമിഴ്നാട്ടിലെ ഡിഎംകെ രാഷ്ട്രീയത്തിനെ ഇനി മുന്നില്‍ നിന്ന് നയിക്കുക മകന്‍ എം.കെ. സ്റ്റാലിന്‍. ഡിഎംകെയുടെ ജനറൽ കൗൺസിൽ ചേര്‍ന്ന് ഏക കണ്ഠേനയാണ് സ്റ്റാലിനെ അധ്യക്ഷനായി തെരഞ്ഞെടുത്തത്.

ഡിഎംകെ പ്രസിഡന്‍റ് ആയതിന് പിന്നാലെ തന്‍റെ രാഷ്ട്രീയ നിലപാടുകളും സ്റ്റാലിന്‍ വ്യക്തമാക്കി. എല്ലാ കാര്യത്തിലും മതത്തിന്‍റെ നിറം കൊടുക്കുന്നവരെയെല്ലാം എതിര്‍ക്കുകയാണ് തന്‍റെ സ്വപ്നമെന്ന് സ്റ്റാലിന്‍ പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാരിനെ ഒരു പാഠം പഠിപ്പിക്കും.

കൂടാതെ, അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന തമിഴ്നാട് സര്‍ക്കാരിനെ തകര്‍ത്തെറിയുകയും ചെയ്യുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞതാണ്. വിദ്യാഭ്യാസം, കല, സാഹിത്യം, മതം എന്നിവയെല്ലാം അധികാരത്തിലിരിക്കുന്നവരും വര്‍ഗീയ ശക്തികളും ചേര്‍ന്ന് ആക്രമിക്കുന്നു.

ഗവര്‍ണര്‍ തെരഞ്ഞെടുപ്പും ജുഡീഷ്വറിയെയും അവസ്ഥിരപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു. സംസ്ഥാന സര്‍ക്കാരുകളുടെ അവകാശം പോലും ബിജെപി  നിഷേധിക്കുകയാണെന്നും സ്റ്റാലിന്‍ ആരോപിച്ചു. 49 വർഷത്തിന് ശേഷമാണ് ഡിഎംകെയുടെ പ്രസിഡന്‍റ് സ്ഥാനത്ത് മാറ്റമുണ്ടാകുന്നത്.

ട്രഷറർ ആയി എസ് ദുരൈ മുരുകനേയും തെരഞ്ഞെടുത്തു. 1969 മുതൽ മരണം വരെ എം കരുണാനിധി ആയിരുന്നു പാർട്ടി അധ്യക്ഷൻ. പ്രസിഡന്‍റ്  സ്ഥാനം ഏറ്റെടുക്കുന്നതിനായി സ്റ്റാലിൻ ട്രഷറർ പദം രാജി വച്ച ഒഴിവിലേക്കാണ് ദുരൈ മുരുകൻ വരുന്നത്. പാർട്ടിയുടെ 65 ജില്ലാ സെക്രട്ടറിമാരും ഏകകണ്ഠേനയാണ് ഇരുവരെയും പിന്തുണച്ചത്.

ഡിഎംകെയുടെ 2700 ലധികം പ്രതിനിധികൾ ആണ് ജനറൽ കൗൺസിലിൽ പങ്കെടുത്തത്. അതേസമയം സ്റ്റാലിന്‍റെ സഹോദരന്‍ അഴഗിരി വെല്ലുവിളിയുമായി രംഗത്തുണ്ട്. സെപ്തംബര്‍ അഞ്ചിന് സ്റ്റാലിനെ വെല്ലുവിളിച്ച് ചെന്നൈയില്‍ മഹാറാലി നടത്തുമെന്ന് അഴഗിരി പ്രഖ്യാപിച്ചിട്ടുണ്ട്. 

click me!