
ദില്ലി: ദില്ലിയിലെ സ്കൂളിന്റെ ടോയ്ലറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഒമ്പതാം ക്ലാസുകാരൻ മരിച്ചു. സഹപാഠികളാണ് കുട്ടിയെ കൊന്നതെന്ന് മാതാപിതാക്കൾ ആരോപിച്ചു. കിഴക്കൻ ഡൽഹിയിലെ കാർവാൾ നഗർ സ്കൂളിലാണ് സംഭവം.
സംഭവുമായി ബന്ധപ്പെട്ട് മൂന്നു വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കുട്ടികളെ കസ്റ്റഡിയിലെടുത്തത്. ഒമ്പതാം ക്ലാസ് വിദ്യാർഥി തുഷാർ (16) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച തുഷാറിനെ സ്കൂളിലെ വാഷ്റൂമിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് മറ്റുകുട്ടികൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ തുഷാറിനെ രക്ഷിക്കാനായില്ല.
തുഷാറും സഹപാഠികളുമായി വാഷ്റൂമിനു മുന്നിൽ സംഘർഷത്തിലേർപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സഹപാഠികളുടെ ആക്രമണത്തിലാണ് തുഷാർ കൊല്ലപ്പെട്ടതെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആരോപിക്കുന്നു. ഇവരുടെ പരാതിയിൽ പോലീസ് കേസെടുത്തു.