
ഉന്നാവോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ ഉന്നാവോ ബലാത്സംഗക്കേസ് സാക്ഷി യൂനുസിന്റെ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു. കേസിലെ ഏകസാക്ഷിയായ യൂനുസ് ഒരാഴ്ച മുമ്പ് ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു.
മരണത്തില്‍ സംശയങ്ങളുണ്ടായിരുന്നിട്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാതെയാണ് യൂനുസിനെ അടക്കം ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് വീണ്ടും മൃതദേഹം പുറത്തെടുത്ത് ആന്തരീകാവയവങ്ങള്‍ പരിശോധനയ്‌ക്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് യൂനുസിന്റെ കുടുംബം യോഗി ആദിത്യനാഥിനെ കാണാനെത്തിയത്.
എന്നാല്‍ മുഖ്യമന്ത്രിയെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ട് ലക്‌നൗവിലെ വസതിക്ക് മുന്നിലെത്തിയ യൂനുസിന്റെ കുടുംബത്തെ പൊലീസ് തടഞ്ഞു. തുടര്‍ന്നാണ് കുടുംബം ആത്മഹത്യാശ്രമം നടത്തിയത്. എന്നാല്‍ ഉടന്‍ തന്നെ പൊലീസ് ഇടപെട്ട് ഇവരെ സ്ഥലത്തുനിന്ന് മാറ്റി.
യൂനുസിന്റെ ശവ സംസ്‌കാരവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ശരിയത്ത് നിയമങ്ങള്‍ക്കെതിരായതിനാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യരുതെന്നാവശ്യപ്പെട്ടിട്ടും അത് ചെയ്‌തെന്നും കുടുംബം ആരോപിച്ചു.
അതേസമയം ആന്തരീകാവയവങ്ങളുടെ രാസപരിശോധനാഫലം ഇതുവരെ വന്നിട്ടില്ലെന്നും ശരീരത്തില്‍ സംശയാസ്പദമായ മുറിവുകളൊന്നും കണ്ടെത്തിയില്ലെന്നും പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു.
ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ പ്രതിയായ ഉന്നാവോ ബലാത്സംഗക്കേസിലെ മുഖ്യ സാക്ഷിയായിരുന്നു യൂനുസ്. സെന്‍ഗാറിന്റെ സഹോദരന്‍ അതുല്‍ സിംഗ് സെന്‍ഗര്‍ ഇരയായ പെണ്‍കുട്ടിയുടെ അച്ഛനെ മര്‍ദ്ദിക്കുന്നതിന്റെ സാക്ഷിയായിരുന്നു യൂനൂസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam