
ഛത്തീസ്ഗഡ്: ബോളിവുഡ് താരം ദീപിക പാദുകോണിന്റെ തല വെട്ടിയെടുക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച നേതാവ് സൂരജ് പാല്‍ അമു വീണ്ടും ബിജെപിയിലേക്ക്. സംസ്ഥാന ബിജെപി അദ്ധ്യക്ഷനായ സുഭാഷ് ബരാലയാണ് അമുവിനെ ബി ജെ പിയിലേക്ക് തിരിച്ചു വിളിച്ചിരിക്കുന്നത്. 2017 നവംബറിൽ സൂരജ് പാല്‍ ഹരിയാനയിലെ ബി ജെ പിയുടെ ചീഫ് മീഡിയ കോര്‍ഡിനേറ്റര്‍ സ്ഥാനം രാജിവെച്ചിരുന്നു.
പദ്മാവത് സിനിമയെ ചൊല്ലി നിരവധി വിവാദങ്ങൾ ഉണ്ടായപ്പോൾ താരത്തിന്റെ തലവെട്ടിയെടുക്കുന്നവർക്ക് 10 കോടി രൂപ പാരിതോഷികമായി സൂരജ് പാല്‍ വാഗ്ദാനം ചെയ്തിരുന്നു. തുടർന്ന് ഈ പരാമര്‍ശങ്ങളുടെ പേരില്‍ സൂരജ് പാലിന് ബി ജെപി കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നത്. പാര്‍ട്ടിയില്‍ തിരിച്ചെടുത്തത് തന്നെ സംബന്ധിച്ച് വീട്ടിലേക്ക് തിരിച്ചു വരുന്നത് പോലെയാണെന്ന് സൂരജ് പാല്‍ പറഞ്ഞു.
സൂരജ് പാലിന് പുറമേ മറ്റ് ബിജെപി നേതാക്കളും സംഘപരിവാർ സംഘടനകളും സിനിമയ്ക്കെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും സിനിമയ്ക്കെതിരെ വാളെടുത്തു. മാലിക് മുഹമ്മദ് ജയർസി 1540 ൽ എഴുതിയ പദ്മാവത് എന്ന ഇതിഹാസ കാവ്യത്തെ ആസ്പദമാക്കി നിർമിച്ച സിനിമയാണ് പദ്മാവത്. റാണി പദ്മിനി എന്ന രജപുത്ര രാജ്ഞിയുടെ ജീവിതമാണ് ഇതിവൃത്തം. ചിത്രത്തിൽ ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്ന രംഗങ്ങളൊന്നും തന്നെയില്ലെന്ന് വിശദീകരിക്കുന്ന സംവിധായകന്റെ വീഡിയോ പുറത്തുവന്നെങ്കിലും വാള് താഴെവയ്ക്കാൻ സംഘപരിവാർ തയ്യാറായിരുന്നില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam