സ്വിസ് പടയെ കരയിച്ച് സ്വീഡിഷ് വിപ്ലവം

Web Desk |  
Published : Jul 03, 2018, 09:22 PM ISTUpdated : Oct 02, 2018, 06:42 AM IST
സ്വിസ് പടയെ കരയിച്ച് സ്വീഡിഷ് വിപ്ലവം

Synopsis

എമില്‍ ഫോഴ്സ്ബെര്‍ഗിന്‍റെ ഗോളില്‍ സ്വീഡന്‍ ക്വാര്‍ട്ടറില്‍

സെന്‍റ് പീറ്റേഴ്ബെര്‍ഗ്: റഷ്യയില്‍ സ്വീഡന്‍റെ പുതു ചരിത്രം പിറന്നിരിക്കുന്നു. 24 വര്‍ഷത്തിന് ശേഷം ക്വാര്‍ട്ടറിലെത്തി സ്വീഡന്‍ ചിരിച്ചപ്പോള്‍ 1954ന് ശേഷമുള്ള സ്വിറ്റ്സര്‍ലാന്‍റിന്‍റെ ദുര്യോഗം മാറ്റാന്‍ കളത്തിലിറങ്ങിയ ഷാക്കീരിയും സംഘവും റഫറിയുടെ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ കരഞ്ഞു തിരിച്ചുകയറി. എമില്‍ ഫോഴ്സ്ബെര്‍ഗ് കുറിച്ച ഒരു ഗോളിന്‍റെ ബലത്തിലാണ് സ്വിസ് കുതിപ്പിനെ സ്വീഡന്‍ പിടിച്ചു കെട്ടിയത്.  

തുല്യശക്തികളുടെ പോരാട്ടമായി വിലയിരുത്തപ്പെട്ട സ്വിറ്റ്സര്‍ലാന്‍റും സ്വീഡനും തമ്മിലുള്ള പോരില്‍ ആന്‍ഡ്രിയാസ് ഗ്രാന്‍ക്വിസ്റ്റും കൂട്ടരുടെയും ആസൂത്രിതമായ മുന്നേറ്റങ്ങളാണ് കളിയുടെ തുടക്കത്തില്‍ കണ്ടത്. ഷാക്കീരിയുടെ ബുദ്ധി കൂര്‍മതയില്‍ പിറന്ന ത്രൂ ബോളുകളിലൂടെ സ്വീസ് പടയും മത്സരത്തിന്‍റെ ആവേശം വര്‍ധിപ്പിച്ചു.

ബോള്‍ പൊസിഷനില്‍ മുന്നില്‍ നില്‍ക്കുന്നുണ്ടെങ്കിലും സ്വിറ്റ്സര്‍ലാന്‍റിനേക്കാള്‍ മികച്ച നീക്കങ്ങള്‍ മെനഞ്ഞെടുത്തത് സ്വീഡ‍നായിരുന്നു. മറുവശത്ത് കൗണ്ടര്‍ അറ്റാക്കുകളില്‍ പിറന്ന ഗോള്‍ ശ്രമങ്ങളാണ് സ്വിസ് പടയുടെ ഭാഗത്ത് നിന്നുണ്ടായത്. 24-ാം മിനിറ്റില്‍ വീണ്ടും ബെര്‍ഗിന് ആദ്യ ഗോള്‍ നേടാനുള്ള അവസരം കെെവന്നു. അതും മുതലാക്കാന്‍ താരത്തിനായില്ല. നാലു മിനിറ്റുകള്‍ക്ക് ശേഷം കളിയിലെ ഏറ്റവും സുന്ദരന്‍ നിമിഷം പിറന്നു. ടോണിവോനന്‍റെ വലലക്ഷ്യമാക്കിയുള്ള ഇടങ്കാലന്‍ ഷോട്ട് ഒരുവിധത്തില്‍ ചാടി സോമര്‍ രക്ഷപ്പെടുത്തിയതോടെ സ്വിസ് നിര ഒന്ന് ആശ്വസിച്ചു.

34-ാം മിനിറ്റില്‍ ഇതിനുള്ള മറുപടി സ്വിസ് നല്‍കി. ഷാക്കയുടെ കിടിലന്‍ ലോംഗ് റേഞ്ചര്‍ ചെറിയ വ്യത്യാസത്തിലാണ് പുറത്തേക്ക് പോയത്. 42-ാം മിനിറ്റില്‍ സ്വീഡന് വീണ്ടും തുറന്ന സാധ്യത സ്വിസ് ബോക്സില്‍ ലഭിച്ചു. ലസ്റ്റിഗിന്‍റെ അളന്ന് മുറിച്ചുള്ള ക്രോസ് എക്ദാലിന് കാല്‍പാകത്തിന് ലഭിച്ചെങ്കിലും വോളി ഗോള്‍ പോസ്റ്റിന് മുകളിലൂടെ പറന്നു. ഷാക്കീരിയുടെ മറ്റൊരു ശ്രമം കൂടെ കഴിഞ്ഞതോടെ ആദ്യപകുതി അവസാനിച്ചു. 

രണ്ടാം പകുതിയില്‍ കളിക്ക് കുറച്ചു കൂടി ചൂട് പിടിച്ചു. ആദ്യത്തേതില്‍ നിന്ന് വ്യത്യസ്തമായി സ്വിസ് നിരയാണ് കൂടുതലും ആക്രമണങ്ങളുടെ കെട്ട് അഴിച്ചു വിട്ടത്. തുടര്‍ച്ചയായി നാല് കോര്‍ണറുകള്‍ സ്വീഡിഷ് ബോക്സില്‍ അപകടങ്ങള്‍ സൃഷ്ടിച്ചെങ്കിലും മത്സരത്തിലെ ആദ്യ ഗോളിന്‍റെ പിറവിയുണ്ടായില്ല.

പക്ഷേ, അവസരങ്ങള്‍ തുലച്ചതിനുള്ള പരിഹാരം 66-ാം മിനിറ്റില്‍ സ്വീഡന്‍ കണ്ടു. ടോണിവോനന്‍റെ പാസ് ലഭിച്ച എമില്‍ ഫോഴ്സബെര്‍ഗ് പന്ത് നിയന്ത്രിച്ച് മുന്നോട്ട് കയറി ബോക്സിന് പുറത്തുനിന്ന് തൊടുത്ത വലങ്കാലന്‍ ഷോട്ട് സ്വീസ് പ്രതിരോധത്തെ കീറി മുറിച്ച് വലകുലുക്കി. ഒരു ഗോള്‍ വഴങ്ങിയതോടെ സ്വിസ് നിര ആടിയുലഞ്ഞു.

സമര്‍ദത്തിന് അടിപ്പെട്ടതിന്‍റെ പ്രശ്നങ്ങള്‍ അവരുടെ നീക്കങ്ങളില്‍ പ്രതിഫലിച്ചു. 78-ാം മിനിറ്റില്‍ ഷക്കീരിയുടെ കോര്‍ണറില്‍ മികച്ച ശ്രമം നടത്തിയെങ്കിലും സ്വീഡിഷ് പ്രതിരോധം പിടിച്ചു നിന്നു. തുടര്‍ന്ന് സ്വിസ് മുന്നേറ്റം സ്വീഡിഷ് പോസ്റ്റിലേക്ക് ഇരച്ചു കയറുകയായിരുന്നു. അവസാന നിമിഷം വരെ സമനില ഗോളിനായി ഷാക്കീരിയും സംഘവും പൊരുതി നിന്നെങ്കിലും റോബിന്‍ ഓള്‍സനെ കീഴടക്കി വലയില്‍ പന്തെത്തിക്കാന്‍ മാത്രം സാധിച്ചില്ല.

സ്വിസ് പടയുടെ തുടര്‍ മുന്നേറ്റങ്ങള്‍ക്കിടയില്‍ ഇഞ്ചുറി ടെെമില്‍ പന്ത് കിട്ടിയ സ്വീഡന്‍ ഗോള്‍മുഖം ലക്ഷ്യമാക്കി കുതിച്ചു. ഓള്‍സണെ വീഴ്ത്തിയതിന് ആദ്യം പെനാല്‍റ്റി അനുവദിച്ചെങ്കിലും വിഎആര്‍ പരിശോധനയില്‍ അത് ഫ്രീകിക്ക് മാത്രമായി ഒതുങ്ങി. ആ കിക്ക് കഴിഞ്ഞ് അധികം വെെകാതെ അവസാന വിസിലും മുഴങ്ങി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സുപ്രീംകോടതിയെ സമീപിക്കും, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ'; ഉന്നാവ് പീഡനക്കേസ് പ്രതിയുടെ കഠിനതടവ് മരവിച്ച സംഭവത്തിൽ പ്രതികരിച്ച് അതീജീവിതയുടെ അമ്മ
നടി മീനാക്ഷിയെ ചേർത്തു പിടിച്ച് മന്ത്രി വിഎൻ വാസവൻ; 'ഇത്തരം നിലപാടുകളും, ധൈര്യവും പുതുതലമുറയ്ക്ക് പ്രതീക്ഷ നൽകുന്നു'