
ചെന്നെെ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന് സാധ്യതാ പഠനം നടത്താനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കെതിരെ തമിഴ്നാട് രംഗത്ത്. വിഷയത്തില്‍ ഇടപെണമെന്ന ആവശ്യവുമായി തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
2014ലെ സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രണ്ട് പേജ് വരുന്ന കത്ത് തമിഴ്നാട് മുഖ്യമന്ത്രി അയച്ചിരിക്കുന്നത്. പുതിയ ഡാം നിര്‍മിക്കണമെങ്കില്‍ കേരളവും തമിഴ്നാടും അംഗീകരിക്കണമെന്നുള്ള വിധിയാണ് പളനിസ്വാമി എടുത്ത് പറയുന്നതതെന്ന് ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പുതിയ ഡാം നിര്‍മിക്കുന്നതിന് ഇപ്പോള്‍ കേരളത്തിന്‍റെ മാത്രം അനുമതിയാണുള്ളതെന്നും തമിഴ്നാട് അംഗീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. ഡാം നിര്‍മിക്കാനുള്ള കേരള സര്‍ക്കാരിന്‍റെ നീക്കവും അതിനെ അംഗീകരിക്കുന്ന രീതിയിലുള്ള കേന്ദ്ര സര്‍ക്കാര്‍ സമീപനവും സുപ്രീം കോടതി വിധിക്ക് എതിരാണ്.
പുതിയ അണക്കെട്ട് നിര്‍മിക്കണമെന്നുള്ള ആവശ്യവുമായി സെപ്റ്റംബര്‍ 27നാണ് കേരളം കേന്ദ്രത്തെ സമീപിച്ചത്. തുടര്‍ന്ന് 663 കോടി ചെലവില്‍ പുതിയ ഡാം നിര്‍മിക്കാനുള്ള നിര്‍ദേശത്തില്‍ സാധ്യതാ പഠനം നടത്താനുള്ള അനുമതി നല്‍കുകയായിരുന്നു.
മുന്‍പ് ഇതേപോലെ കേരളം നിര്‍ദേശം മുന്നോട്ട് വച്ചപ്പോള്‍ അന്ന് തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ കത്ത് പരിഗണിച്ച് ആവശ്യം നിരാകരിച്ച കാര്യവും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ ഇടപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സാധ്യതാ പഠന അനുമതി റദ്ദാക്കണമെന്നാണ് തമിഴ്നാടിന്‍റെ ആവശ്യം.
സുപ്രീം കോടതി വിധിക്കെതിരായി കേരളം ഭാവിയില്‍ നല്‍കുന്ന ഇത്തരം നിര്‍ദേശങ്ങളും അംഗീരിക്കരുതെന്നും പളനിസ്വാമി ആവശ്യം ഉന്നയിക്കുന്നു. തമിഴ്നാട്ടിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളായ ഡിഎംകെ, എംഡിഎംകെ, പിഎംകെ തുടങ്ങിയവരും സാധ്യത പഠന അനുമതി നല്‍കിയതില്‍ എതിരാണ്.
കേരളത്തിന്റെ ഏറെ നാളായുള്ള ആവശ്യമായിരുന്നു പുതിയ അണക്കെട്ട്. ഇതിനായി 53.22 മീറ്റർ ഉയരത്തിൽ അണക്കെട്ടിനുള്ള സാധ്യത പരിശോധിക്കാനാണ് ഇപ്പോള്‍ കേരളത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam