
ദില്ലി: ജോലിയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രകോപിതനായ ജീവനക്കാരന്‍ മാനേജരെ വെടിവെച്ച് കൊലപ്പെടുത്തി. ഫരീദാബാദിലെ ടാറ്റായുടെ ഹാർഡ് വേർ ചൗക്ക് എന്ന കമ്പനിയിലാണ് സംഭവം. അരിന്ദം പാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. കമ്പനിയിലെ മുന്‍ ജീവനക്കാരനായ വിശ്വാസ് പാണ്ഡെയെയാണ് ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഉച്ചഭക്ഷണം കഴിഞ്ഞ് തന്റെ ക്യാബിനില്‍ വിശ്രമിക്കുകയായിരുന്നു അരവിന്ദം പാല്‍. അതേ സമയം അവിടെയെത്തിയ വിശ്വാസ് തന്നെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് സംസാരിക്കുകയും ഇരുവരും തമ്മില്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. ഇതിനിടയിലാണ് വിശ്വാസ് തന്റെ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് മാനേജറിന് നേരെ നിറയൊഴിച്ചത്. മാനേജര്‍ക്ക് നേരെ അഞ്ച് തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തത്.
ഇന്‍ഞ്ചിനീയറിംഗ് ബിരുദധാരിയായ വിശ്വാസ് കമ്പനിയിലെ എക്‌സിക്യൂട്ടീവ് മാനേജര്‍ കൂടിയാണ്. ഈ വര്‍ഷം ആദ്യം കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ വിശ്വാസിന്റെ അച്ചടക്ക രാഹിത്യം കണ്ടുപിടിച്ചതിനെ തുടർന്ന് നോട്ടീസ് പിരീഡ് നൽകി പുറത്താക്കുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായ പ്രകോപനം. തുടര്‍ന്ന് നിരന്തരം തന്നെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസ് ഓഫീസില്‍ വരികയും തന്നെ തിരിച്ചെടുത്തില്ലെങ്ങിൽ വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി ഓഫീസിലെ മറ്റ് ജീവനക്കാർ പൊലീസിന് മൊഴി നല്‍കി.
കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തടയാന്‍ ഓഫീസിലെ മറ്റ് ജീവനക്കാര്‍ ശ്രമിച്ചിരുന്നുവെങ്കിലും അവരുടെ നേര്‍ക്ക് വെടിയുതിര്‍ക്കുമെന്ന് ഭീക്ഷണിപ്പെടുത്തിയ ശേഷം ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. കൊലക്കുറ്റത്തിന് വിശ്വാസിനെതിരെ കേസ് എടുത്ത പൊലീസ് സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam