റിപ്പബ്ളിക് ദിനത്തിൽ വന്ദേമാതരം പാടിയില്ല; അധ്യാപകനെ പ്രദേശ വാസികള്‍ വളഞ്ഞിട്ട് തല്ലി

By Web TeamFirst Published Feb 7, 2019, 12:12 PM IST
Highlights

ബീഹാറിലെ കത്തിഹാർ ജില്ലയിലെ പ്രൈമറി സ്കൂൾ അധ്യാപകനായ അഫ്സൽ ഹുസൈനാണ് മർദ്ദനത്തിനിരയായത്. ഇദ്ദേഹത്തെ മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. വന്ദേമാതരം പാടാൻ തന്റെ മതവിശ്വാസം അനുവദിക്കുന്നില്ലെന്നാണ് അഫ്സലിന്റെ വിശദീകരണം.
 


ബീഹാർ: സ്കൂളിലെ റിപ്പബ്ളിക് ദിനാഘോഷത്തിൽ പതാക ഉയർത്തുന്ന സമയം വന്ദേമാതരം പാടിയില്ലെന്ന കാരണത്താൽ അധ്യാപകനെ പ്രദേശവാസികൾ ചേർന്ന് ക്രൂരമായി മർദ്ദിച്ചു. ബീഹാറിലെ കത്തിഹാർ ജില്ലയിലെ പ്രൈമറി സ്കൂൾ അധ്യാപകനായ അഫ്സൽ ഹുസൈനാണ് മർദ്ദനത്തിനിരയായത്. ഇദ്ദേഹത്തെ മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. വന്ദേമാതരം പാടാൻ തന്റെ മതവിശ്വാസം അനുവദിക്കുന്നില്ലെന്നാണ് അഫ്സലിന്റെ വിശദീകരണം.

ഞങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുന്നവരാണ്. വന്ദേമാതരം ഞങ്ങളുടെ വിശ്വാസത്തിന് എതിരാണ്. ഭാരത മാതാവിനെ വന്ദിക്കുന്ന വരികളാണിത്. ഞങ്ങളുടെ വിശ്വാസത്തിൽ ഇങ്ങനെ പറയുന്നില്ല. വന്ദേമാതരം പാടുന്നത് അനിവാര്യമാണെന്ന് ഭരണഘടനയിൽ ഒരിടത്തും പറഞ്ഞിട്ടില്ല. ഇങ്ങനെ ചെയ്യാതിരുന്നതിന്റെ പേരിൽ എനിക്ക് ചിലപ്പോൾ എന്റെ ജീവൻ നഷ്ടമായേക്കും.- അഫ്സൽ ഹുസൈൻ വ്യക്തമാക്കി.

ഇത്തരത്തിലൊരു സംഭവം നടന്നിട്ടുണ്ടെങ്കിൽ കർശനമായി നടപടി എടുക്കുെമന്ന് ബീഹാർ വിദ്യാഭ്യാസ മന്ത്രി കെ എൻ പ്രസാദ് വർമ്മ വ്യക്തമാക്കി. ദേശീയ​ഗാനത്തെ അപമാനിക്കുന്നത് ക്ഷമിക്കാൻ സാധിക്കാത്ത തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  എന്നാൽ ഈ സംഭവം സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ദിനേഷ് ചന്ദ്ര ദേവ് പറഞ്ഞു. പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തുമെന്നും ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അ​ദ്ദേഹം വ്യക്തമാക്കി

വന്ദേമാതരം മുമ്പും വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. വന്ദേമാതരം സംസ്തകൃതഭാഷയാണെന്നും ഹൈന്ദവ ദേവിയായ ദുർ​ഗയെ സ്തുതിക്കുന്ന വരികളാണ് അതിലുളളതെന്നും നല്ലൊരു ശതമാനം മുസ്ലിങ്ങളും പറയുന്നു. മാത്രമല്ല വന്ദേമാതരം ഇസ്ലാമിന്റെ വിശ്വാസങ്ങൾക്ക് എതിരാണെന്നും വാദമുണ്ട്. 1876 ൽ ബം​ഗാളി എഴുത്തുകാരനായ ബങ്കിം ചന്ദ്ര ചതോപാധ്യായ ആണ് വന്ദേമാതരം രചിച്ചത്. 
 

click me!