തെലങ്കാനയിലെ ദുരഭിമാനകൊല: പ്രണയിയുടെ ഭാര്യ അമൃത ആണ്‍കുഞ്ഞിന് ജന്മം നല്‍കി

By Web TeamFirst Published Jan 30, 2019, 10:40 PM IST
Highlights

കഴിഞ്ഞ വര്‍ഷം സെപ്തംബർ 14നാണ് പ്രണയ് കൊല്ലപ്പെട്ടത്. അമൃതവര്‍ഷിണിയുടെ മുന്നില്‍വച്ചാണ് പ്രണയ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ​ഗർഭിണിയായ അമൃതവര്‍ഷിണിക്കും അമ്മയ്ക്കുമൊപ്പം ആശുപത്രിയില്‍ പോയി മടങ്ങും വഴിയായിരുന്നു കൊലപാതകം. 

ഹൈദരാബാദ്: ജാതി മാറി വിവാഹം ചെയ്തതിന്റെ പേരില്‍ കൊല്ലപ്പെട്ട പെരുമല്ല പ്രണയ് കുമാറിന്റെ ഭാര്യ അമൃതവര്‍ഷിണി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. പ്രണയ്-അമൃതവര്‍ഷിണി ദമ്പതികളുടെ ഒന്നാം വിവാഹ വാർഷികത്തിലാണ് അമൃതവര്‍ഷിണി ആൺക്കുഞ്ഞിന് ജന്മം നൽകിയത്.  സുഖപ്രസവമാണെന്നും അമ്മയും കുഞ്ഞ് സുഖമായി ഇരിക്കുന്നതായും പ്രണയിന്റെ പിതാവ് ബാലസ്വാമി പറഞ്ഞു. 

അമൃതയുടെ വീട്ടുകാരുടെ ആക്രമണം ഭയന്ന് അമൃത എവിടെയാണുളളതെന്ന് ബാലസ്വാമി വെളിപ്പെടുത്തിയില്ല. അമ്മയുടേയും കുഞ്ഞിന്റേയും സുരക്ഷയുടെ കാര്യത്തിൽ പേടിയുണ്ട്. അവർക്ക് പൊലീസ് സംരക്ഷണ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എസ്പിക്ക് കത്ത് എഴുതുമെന്നും അദ്ദേഹം പറഞ്ഞു.
 
ഈ ദിവസം വളരെ ദുഖം നിറഞ്ഞതാണ്. എന്റെ മകൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അവന്റെ കുഞ്ഞിനെ കാണാമായിരുന്നു. കുഞ്ഞിനെ കാണുമ്പോൾ അവൻ വളരെയധികം സന്തോഷിക്കുമായിരുന്നു. അവർ ഒരുമിച്ച് വളരെ സമാധാനമായി ജീവിക്കുമായിരുന്നുവെന്നും ബാലസ്വാമി പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം സെപ്തംബർ 14നാണ് പ്രണയ് കൊല്ലപ്പെട്ടത്. അമൃതവര്‍ഷിണിയുടെ മുന്നില്‍വച്ചാണ് പ്രണയ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ​ഗർഭിണിയായ അമൃതവര്‍ഷിണിക്കും അമ്മയ്ക്കുമൊപ്പം ആശുപത്രിയില്‍ പോയി മടങ്ങും വഴിയായിരുന്നു കൊലപാതകം. ശരീരത്തിൽ ആഴത്തിലുള്ള വെട്ടേറ്റതിനാൽ സംഭവസ്ഥലത്ത് വച്ചുതന്നെ പ്രണയ് മരിച്ചു.  

അമൃതയുടെ പിതാവ് മാരുതി റാവുവിന്റെ നിര്‍ദേശപ്രകാരമാണ് പ്രണയിനെ കൊലപ്പെടുത്തിയത്. കൊലപാതകം നടത്തുന്നതിനായി ഒരു കോടി രൂപ പ്രതിഫലമാണ് പ്രതികൾക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ മാരുതി റാവു നൽകിയത്. കേസില്‍ കൊലയാളി ഉള്‍പ്പെടെ ഏഴുപേരെ പൊലീസ് പിടികൂടി. ബീഹാറില്‍ നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത്. പ്രതികൾ നിലവിൽ വാറങ്കൽ സെൻട്രൽ ജയിലിൽ കരുതൽ തടങ്കൽ പ്രകാരം തടവിലാണ്.

2018 ജനുവരിയിലാണ് പ്രണയും അമൃതവര്‍ഷിണിയും തമ്മിലുള്ള വിവാഹം നടന്നത്. പട്ടികജാതിക്കാരനായ യുവാവിനെ മകള്‍ വിവാഹം ചെയ്തതിനോട് അമൃതവര്‍ഷിണിയുടെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും എതിര്‍പ്പായിരുന്നു. അമൃതവര്‍ഷിണിയുടെ കുടുംബത്തിന്റെ ദുരഭിമാനമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 
 

click me!