
ദില്ലി: ഇന്ത്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍കൈയ്യെടുത്ത് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മുന്നോട്ട് വരുന്നതിനിടെ പാക് അധീന കാശ്മീരില്‍ സൈന്യത്തിന്‍റെ സഹായത്തോടെ തീവ്രവാദികള്‍ ഭീകര താവളങ്ങള്‍ പുനര്‍നിര്‍മിച്ചതായി റിപ്പോര്‍ട്ട്. 2016ലെ സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ ഭാഗമായി ഇന്ത്യ തകര്‍ത്ത നിരവധി ഭീകര താവളങ്ങള്‍ പാക് സേനയുടെ സഹായത്തോടെ ഭീകര്‍ പുനര്‍നിര്‍മിച്ചതായി ഇന്‍റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏകദേശം 250 ഓളം വരുന്ന ഭീകരര്‍ ജമ്മുകാശ്മീരിലേക്ക് നുഴഞ്ഞുകയറാനായി തയ്യാറായി നില്‍ക്കുന്നതായാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ഇതിനായി 27 കേന്ദ്രങ്ങള്‍ പാക് അധീന കാശ്മീരില്‍ വീണ്ടും നിര്‍മിക്കപ്പെട്ടു കഴിഞ്ഞു. ഇവിടെ ഇവര്‍ക്ക് പരിശീലനമടക്കമുള്ളവ നല്‍കുന്നതായും ഇന്‍റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്.ലിപ താഴ്വരയില്‍ എട്ട് ലോഞ്ച് പാഡുകളാണ് പുതുതായി നിര്‍മിച്ചിരിക്കുന്നത്.
2016 സെപ്തംബറില്‍ മിന്നലാക്രമണം നടത്തിയ പ്രധാന രണ്ട് കേന്ദ്രങ്ങളിലൊന്നായിരുന്നു ലിപ താഴ്വര. ഇവിടെ നിരവധി കേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യന്‍ സേന ഭീകരരെ വധിക്കുകയും ചെയ്തിരുന്നു. 27 ഭീകര കേന്ദ്രങ്ങളില്‍ ലിപ, ചക്കോത്തി, ബരക്കോട്ട്, ശര്‍ദി, ജുറ എന്നിവിടങ്ങളില്‍ ലഷ്കര്‍ ഇ ത്വയിബയും കഹുട്ട മേഘലയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീനുമാണ് നിലയുറപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാകിസ്ഥാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ത്യയും ആദ്യ ഘട്ടത്തില്‍ പച്ചക്കൊടി കാട്ടിയിരുന്നു. യുഎന്‍ജിഎ മീറ്റില്‍ ന്യൂയോര്‍ക്കില്‍ വച്ച് വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്താനും നേരത്തെ തീരുമാനമായി. എന്നാല്‍ കശ്മീരില്‍ മൂന്ന് പൊലീസുകാരെ ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയതിന് പിന്നാലെ ചര്‍ച്ചകളില്‍ നിന്ന് ഇന്ത്യ പിന്‍മാറുകയായിരുന്നു.
നേരത്തെ 2016 സെപ്തംബര്‍ 28നാണ് ഇന്ത്യ പാക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തിയത്. ജമ്മു കശ്മീരിലെ ഉറി സൈനിക ക്യാമ്പിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ തിരിച്ചടി. 1971ന് ശേഷം ആദ്യമായായിരുന്നു ഇന്ത്യ അതിര്‍ത്തിക്കപ്പുറം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഇന്ത്യന്‍ സേന തകര്‍ത്ത ഭീകര കേന്ദ്രങ്ങളാണ് ഇപ്പോള്‍ വീണ്ടും പുനസ്ഥാപിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam