റഫാല്‍ അഴിമതി; സുപ്രീംകോടതിക്ക് മുന്നില്‍ കൂടുതല്‍ രേഖകള്‍ എത്താനുണ്ടെന്ന് ദി കാരവന്‍ എഡിറ്റര്‍

By Web TeamFirst Published Dec 14, 2018, 1:17 PM IST
Highlights

പല രേഖകളും ഇപ്പോഴും സുപ്രീംകോടതിയുടെ മുന്നില്‍ എത്തിയിട്ടില്ല. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ രേഖകള്‍ സംഭവത്തിന്‍റെ യഥാര്‍ത്ഥ ചിത്രം നല്‍കുന്നില്ലെന്നും ദി  കാരവന്‍ എഡിറ്റര്‍ വിനോദ് കെ ജോസ്

ദില്ലി: റഫാൽ അഴിമതി ആരോപണത്തിൽ കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ സുപ്രീംകോടതി വിധിയില്‍ കേസുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അന്വേഷിക്കേണ്ടെന്ന് വ്യക്തമാക്കിയിട്ടില്ലെന്ന് ദി കാരവന്‍ എഡിറ്റര്‍ വിനോദ് കെ ജോസ്. 

 സുപ്രീംകോടതി എക്സിക്യൂട്ടീവിന്‍റെയും ജുഡീഷ്യറിയുടെയും പരിധിയില്‍നിന്നുകൊണ്ടാണ്  കേസിനെ സമീപിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഒരു തീരുമാനം എടുക്കുമ്പോള്‍ അതിന്‍റെ ശരിയോ തെറ്റോ സുപ്രീംകോടതി കാര്യമായി പരിഗണിക്കേണ്ടതില്ലെന്ന നിലപാടാണ് സുപ്രീംകോടതി കൈക്കൊണ്ടിരിക്കുന്നതെന്നും വിനോദ് ജോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

എന്നാല്‍ കേസുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അന്വേഷിക്കേണ്ടെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. പല രേഖകളും ഇപ്പോഴും സുപ്രീംകോടതിയുടെ മുന്നില്‍ എത്തിയിട്ടില്ല. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ രേഖകള്‍ സംഭവത്തിന്‍റെ യഥാര്‍ത്ഥ ചിത്രം നല്‍കുന്നുമില്ല. കഴിഞ്ഞ ദിവസം ദി കാരവന്‍ പുറത്തുവിട്ട വാര്‍ത്ത പ്രകാരം മോദി തന്നെ നിയമിച്ച ഇന്ത്യന്‍ നെഗോഷിയേറ്റീവ്  ടീം നിശ്ചയിച്ച കരാര്‍ തുകയേക്കാള്‍ 2.5 ബില്യണ്‍ യൂറോ കൂടുതല്‍ വാഗ്ദാനം ചെയ്താണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് കമ്മിറ്റി സെക്യൂരിറ്റി ഇടപാട് നടത്തിയിരിക്കുന്നത്. ഈ വിവരം സുപ്രീംകോടതിയ്ക്ക് മുന്നില്‍ എത്തിയിട്ടില്ല. 

76 മീറ്റിംഗുകളാണ് ഇന്ത്യന്‍ നെഗോഷിയേറ്റീവ് ടീം ഇതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരെയും ആര്‍മി ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി നടത്തിയത്. എന്നിട്ടും അതിനെയെല്ലാം വെട്ടിയാണ് മോദി നേരിട്ട് കൂടുതല്‍ തുകയ്ക്ക് ഇടപാട് നടത്തിയത്. ഇടപാടില്‍ പങ്കാളിയായ അനില്‍ അംബാനിയുടെ കമ്പനിയുടെ മുന്‍കാല ചരിത്രം കോടതിയ്ക്ക് മുന്നിലെത്തിയിട്ടില്ല. ഇത് പരിശോദിച്ചാല്‍ ദുരൂഹത വ്യക്തമാകും. നേരത്തേ കരാര്‍ ചെയ്ത ഒരു പദ്ധതി സാമ്പത്തിക പ്രതിസന്ധി മൂലം  പൂര്‍ത്തിയാക്കാന്‍ അനില്‍ അംബാനിയുടെ കമ്പനിയ്ക്ക് കഴിയാത്തതിനാല്‍ ഇന്ത്യന്‍ നേവി ആ തുക ഈടാക്കിയിരുന്നു. 

കോണ്‍ഗ്രസിനെ സംബന്ധിച്ച് രാഷ്ട്രീയമായി ഏറെ പ്രധാന്യമുള്ള വിഷയമാണ് റഫാല്‍ ഇടപാട്. ഭാവിയില്‍ ഭരണത്തിലെത്തിയാല്‍ കോണ്‍ഗ്രസിന് റഫാല്‍ ഇടപാടില്‍ അന്വേഷണത്തിന് ഉത്തരവിടാം. എന്നിരുന്നാലും നിലവിലെ സുപ്രീംകോടതി വിധി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് താല്‍ക്കാലിക ആശ്വാസമാണെന്നും വിനോദ് ജോസ് പറഞ്ഞു. 

റഫാൽ ജെറ്റ് വിമാനത്തിന്‍റെ കാര്യക്ഷമതയിൽ സംശയമില്ലെന്ന് കണ്ടെത്തിയ സുപ്രീം കോടതി വിമാനങ്ങൾ വാങ്ങാന്‍ തീരുമാനമെടുത്ത നടപടിക്രമങ്ങളിൽ ക്രമക്കേടില്ലെന്ന് നിരീക്ഷിച്ചു. അതുകൊണ്ട് യുദ്ധവിമാനങ്ങളുടെ വിലയെ സംബന്ധിച്ച് സംശയിക്കേണ്ടതില്ല. വിലയെപ്പറ്റി അന്വേഷിക്കേണ്ടതില്ലെന്നും സുപ്രീംകോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി.

 


 

click me!