ശിക്ഷ ഒഴിവാക്കുവാന്‍ ജസ്റ്റിസ് കർണന്‍റെ നീക്കം

By Web DeskFirst Published May 11, 2017, 7:21 AM IST
Highlights

ചെന്നൈ: കോടതിയലക്ഷ്യക്കേസിൽ ആറ് മാസത്തെ തടവുശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട കൊൽക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കർണൻ പുനഃപരിശോധനാഹർജിയുമായി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചേക്കും. അതേസമയം, കർണനെ അറസ്റ്റ് ചെയ്യാനെത്തിയ പശ്ചിമബംഗാൾ പൊലീസ് സംഘം ആന്ധ്രാപ്രദേശിൽ നിന്ന് ചെന്നൈയിലേയ്ക്ക് മടങ്ങിയതായാണ് സൂചന. ഇതിനിടെ കർണൻ വിദേശത്തേയ്ക്ക് കടന്നിരിയ്ക്കാമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

അറസ്റ്റ് അനിവാര്യമായ സാഹചര്യത്തിലാണ് ജസ്റ്റിസ് കർണൻ വീണ്ടും സുപ്രീംകോടതിയെ സമീപിയ്ക്കാൻ തീരുമാനിച്ചതായി സൂചനകൾ പുറത്തുവരുന്നത്. സുപ്രീംകോടതിയിലെ സഹജഡ്ജിമാരെ വിമർശിച്ചതിനും കോടതിയലക്ഷ്യത്തിനും ആറ് മാസം തടവുശിക്ഷ വിധിച്ചത് പുനഃപരിശോധിയ്ക്കണമെന്നാവശ്യപ്പെട്ടാകും കർണൻ സുപ്രീംകോടതിയെ സമീപിയ്ക്കുക. 

ഇതിനിടയിലും, പശ്ചിമബംഗാൾ, ആന്ധ്ര, തമിഴ്നാട് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ പൊലീസുദ്യോഗസ്ഥരെ കബളിപ്പിച്ച് ജസ്റ്റിസ് കർണൻ രണ്ടാം ദിവസവും അജ്ഞാതകേന്ദ്രത്തിൽ തുടരുകയാണ്. കർണനെ ഉടനടി കസ്റ്റഡിയിലെടുക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ഇന്നലെ ചെന്നൈയിലെത്തിയ പശ്ചിമബംഗാൾ പൊലീസിന് അദ്ദേഹം ആന്ധ്രാപ്രദേശിലെ ചിറ്റൂരിലുള്ള ശ്രീകാളഹസ്തി ക്ഷേത്രത്തിലേയ്ക്ക് പോയെന്ന മറുപടിയാണ് ലഭിച്ചത്. 

തുടർന്ന് തമിഴ്നാട് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയ ശേഷം ആന്ധ്രയിലെത്തിയ ബംഗാൾ പൊലീസ് സംഘത്തിന് കർണനെ കണ്ടെത്താനായില്ല. കർണൻ എത്തിയിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് ആന്ധ്രയിലെ താഡ എന്ന പ്രദേശത്തും തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. 

ഇതേത്തുടർന്നാണ് പശ്ചിമബംഗാൾ ഡിജിപി സുരജിത് കർ പുരകായസ്ഥയുടെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിലേയ്ക്ക് മടങ്ങിയതെന്നാണ് സൂചന. ഇതിനിടെ, ക‌ർണൻ വിദേശത്തേക്ക് കടന്നിരിയ്ക്കാമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് കർണൻ സമയം തേടിയിട്ടുണ്ടെന്നും അത് ലഭിച്ചാൽ മാത്രമേ കർണൻ മടങ്ങിയെത്തൂ എന്നുമാണ് റിപ്പോർട്ട്.

click me!