വോട്ടർമാർക്ക് വാഗ്ദാനങ്ങളിലല്ല, പ്രവൃത്തിയിലാണ് താൽപര്യം: പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി മോദി

By Web TeamFirst Published Jan 13, 2019, 4:44 PM IST
Highlights

ആദ്യമായി വോട്ട് രേഖപ്പെടുത്തുന്ന വോട്ടർമാർക്ക് വാഗ്ദാനങ്ങളിൽ താൽപര്യമില്ല. അവർക്ക് താൽപര്യം പ്രവൃത്തിയിലായിരിക്കും. ആദ്യമായി വോട്ട് രേഖപ്പെടുത്തുന്നയാള്‍ക്ക് നാടകത്തിൽ താൽപര്യമില്ല. അവർക്ക് അര്‍പ്പണത്തിലായിരിക്കും താൽപര്യമെന്നും മോദി പറഞ്ഞു. 

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യമായി വോട്ട് ചെയ്യുന്നവർ‌ക്ക് ‍തലമുറ പാരമ്പര്യത്തേക്കാള്‍ താൽപര്യം വികസനത്തിലായിരിക്കും. അതുകൊണ്ട് ആദ്യമായി വോട്ട് രേഖപ്പെടുത്താൻ വരുന്നവർക്കായിരിക്കണം പ്രഥമ പരിഗണന നൽകേണ്ടതെന്ന് മോദി പറഞ്ഞു. തമിഴ്നാട്ടിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെ ബി ജെ പി ബൂത്ത് പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ആദ്യമായി വോട്ട് രേഖപ്പെടുത്തുന്ന വോട്ടർക്ക് വാഗ്ദാനങ്ങളിൽ താൽപര്യമില്ല. അവർക്ക് താൽപര്യം പ്രവൃത്തിയിലായിരിക്കും. ആദ്യമായി വോട്ട് രേഖപ്പെടുത്തുന്ന വോട്ടർക്ക് നാടകത്തിൽ താൽപര്യമില്ല. അവർക്ക് അര്‍പ്പണത്തിലായിരിക്കും താൽപര്യമെന്നും മോദി പറഞ്ഞു. അതേ സമയം മറ്റ് രാഷ്ട്രീയ പാർട്ടികളുമായുള്ള മഹാസഖ്യത്തിൽ മോദി എതിര്‍പ്പ് പ്രകടിപ്പിച്ചു. രാജ്യത്തെ സേവിക്കാനും ജനങ്ങളെ ശാക്തീകരിക്കുന്നതിനുമായി ബി ജെ പി ഇവിടെയുണ്ട്. എന്നാൽ അവസരവാദികളായ സഖ്യങ്ങൾക്കും രാജ ഭരണ പാർട്ടികൾക്കും അവരുടെ സ്വന്തം സാമ്രാജ്യം പടുത്തുയർത്താൻ മാത്രമേ ആഗ്രഹമുള്ളുവെന്നും മോദി കൂട്ടിച്ചേർത്തു. 

ബി ജെ പിക്കെതിരെയുള്ള സഖ്യം വെറും ഹ്രസ്വകാല വ്യവസ്ഥയാണ്. അവരവരുടെ പാർട്ടികൾക്ക് ലഭിക്കുന്ന ആനുകൂല്യം മാത്രമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറ്റ് പാർട്ടികളെ പോലെ, വിഭജിച്ച് ഭരിക്കുക എന്നത് ബി ജെ പിയുടെ രാഷ്ട്രീയമല്ല. വോട്ട് ബാങ്കിനുവേണ്ടി വിഭജിച്ച് ഭരിക്കുന്നതും ബി ജെ പിയുടെ രാഷ്ട്രീയമല്ല.

ബി ജെ പിയെ സംബന്ധിച്ചിടത്തോളം വരുന്ന പൊതുതെരഞ്ഞെടുപ്പ് വളരെ നിർണ്ണായകമാണ്. രാജ്യത്തിന്‍റെ വികസന അജണ്ട നിർണ്ണയിക്കുന്നതിനും ഈ തെരഞ്ഞെടുപ്പ് വളരെ പ്രധാനമാണെന്നും മോദി പ്രവര്‍ത്തകരോട് പറഞ്ഞു.

click me!