റഫാല്‍ ഇടപാട്; വിധി പറയാന്‍ മാറ്റി, സര്‍ക്കാര്‍ പ്രതിരോധത്തില്‍

Published : Nov 14, 2018, 04:24 PM ISTUpdated : Nov 14, 2018, 04:55 PM IST
റഫാല്‍ ഇടപാട്; വിധി പറയാന്‍ മാറ്റി, സര്‍ക്കാര്‍ പ്രതിരോധത്തില്‍

Synopsis

റഫാല്‍ ഇടപാട് സംമ്പന്ധിച്ച് സുപ്രീംകോടതിയില്‍ ഇന്ന് നടന്ന നീണ്ട വാദപ്രതിവാദത്തിനൊടുവില്‍ കേസ് വിധി പറയാനായി കേസ് മാറ്റിവച്ചു. നാല് മണിക്കൂര്‍ നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് വിധി പറയാനായി സുപ്രീംകോടതി കേസ് മാറ്റിവച്ചത്. വാദത്തിനിടെ സുപ്രീംകോടതി വായു സേനാ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി.

ദില്ലി: റഫാല്‍ ഇടപാട് സംമ്പന്ധിച്ച് സുപ്രീംകോടതിയില്‍ ഇന്ന് നടന്ന നീണ്ടപ്രതിവാദത്തിനൊടുവില്‍ വിധി പറയാനായി കേസ് മാറ്റിവച്ചു. നാല് മണിക്കൂര്‍ നീണ്ട വാദപ്രതിവാദത്തിനൊടുവിലാണ് കേസ് വിധി പറയാന്‍ മാറ്റിയത്. വാദത്തിനിടെ സുപ്രീംകോടതി വായു സേനാ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി. ഇന്ത്യന്‍ കോടതി ചരിത്രത്തില്‍ അത്യപൂര്‍വ്വമായ സംഭവമായി ഇത്. സുപ്രീംകോടതി ആവശ്യപ്പെട്ടതനുസരിച്ച് വായുസേനാ ഉപമേധാവി വി.ആര്‍.ചൗദരി, എയര്‍ വൈസ് മാര്‍ഷല്‍ ടി.ചലപതി എന്നിവരുടെ നേതൃത്വത്തിലുള്ള വായു സേനാ ഉദ്യോഗസ്ഥര്‍ സുപ്രീംകോടതിയില്‍ ഹാജരായി. 

റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് സർക്കാരിന്‍റെ ഗ്യാരൻറിയില്ലെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെകെ.വേണുഗോപാലിന് സുപ്രീംകോടതിയില്‍ സമ്മതിക്കേണ്ടി വന്നു. റഫാല്‍ യുദ്ധവിമാനത്തിന്‍റെ പ്രത്യേകതകളെക്കുറിച്ചും നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്ന യുദ്ധവിമാനങ്ങളെക്കുറിച്ചും അതിന്‍റെ സാങ്കേതിക വശങ്ങളെക്കുറിച്ചുമാണ് കോടതി എയര്‍ വൈസ് മാര്‍ഷല്‍ ടി.ചലപതിയോട് അന്വേഷിച്ചത്.

1985ന് ശേഷം പുതിയ യുദ്ധ വിമാനങ്ങൾ വാങ്ങിയിട്ടില്ലെന്ന് എയർ ഫോഴ്സ‌് വൈസ് മാർഷൽ  അറിയിച്ചു. ഡിഫന്‍സ് പ്രോക്യൂര്‍മെന്‍റ് പോളിസിയില്‍ 72 ല്‍ വരുത്തിയിട്ടുള്ള മാറ്റം എന്തിനായിരുന്നെന്നും ഏത് സാഹചര്യത്തിലാണ് അത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നും അഡി. ഡിഫന്‍സ് സെക്രട്ടറി വരുണ്‍ മിത്രയോട് സുപ്രീംകോടതി വിശദാശങ്ങൾ തേടി.

റഫാല്‍ കരാര്‍ പ്രതിരോധ മേഖലയ്ക്ക് അത്യാവശ്യമാണെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. കരാറില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് കരാറില്‍ ഒപ്പ് വച്ചതെന്ന് സര്‍ക്കാറിന് വേണ്ടി എജി അറിയിച്ചു. ദേശീയ സുരക്ഷയേ ബാധിക്കുന്നതിനാലാണ് കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുവിടാത്തതെന്നും സര്‍ക്കാര്‍ വാദിച്ചു. കോടതിക്ക് നല്‍കിയ വിവരങ്ങള്‍ ചോരാതിരിക്കാന്‍ കോടതി കൂടി ശ്രദ്ധിക്കണമെന്ന് എജി കെകെ.വേണുഗോപാല്‍ ആവശ്യപ്പെട്ടു.

അതേസമയം കരാറിന് എന്ത് ഉറപ്പാണുള്ളതെന്ന ചോദ്യത്തിന് ഉറപ്പുകളൊന്നും ഇല്ലെന്നും എന്നാല്‍ ഫ്രഞ്ച് സര്‍ക്കാറില്‍ നിന്ന് ഒരു കത്ത് ഇത് സംമ്പന്ധിച്ച് ലഭിച്ചിരുന്നെന്നും എജി അറിയിച്ചു. അതാത് സമയത്തെ ആവശ്യകതയ്ക്കനുസരിച്ചാണ് പ്രതിരോധ കരാറുകളില്‍ മാറ്റം വരുത്തുന്നതെന്നും എജി കോടതിയെ അറിയിച്ചു. 

ഹര്‍ജിക്കാര്‍ക്ക് വേണ്ടി വാദിച്ച പ്രശാന്ത് ഭൂഷണ്‍, അരുണ്‍ ഷൂറി, കപില്‍ സിബല്‍, എഎല്‍.ശര്‍മ്മ എന്നിവര്‍ ശക്തമായ വാദമുഖങ്ങളാണ് നിരത്തിയത്. കരാര്‍ മൊത്തം തട്ടിപ്പാണെന്നും അതിനാല്‍ പ്രത്യേക അന്വേഷണസംഘത്തെ വച്ച് കേസ് അന്വേഷിക്കണമെന്നും പ്രശാന്ത് ഭൂഷണും അരുണ്‍ ഷൂറിയും വാദിച്ചു. റഫാല്‍ ഇടപാട് സർക്കാരുകൾ തമ്മിലുള്ള കരാർ അല്ലെന്ന് കോൺഗ്രസ് കോടതിയില്‍ വാദിച്ചു.

ഡാസോയും പ്രതിരോധ മന്ത്രാലയവും തമ്മിലാണ് കരാർ ഒപ്പിട്ടതെന്നും ഫ്രഞ്ച് സർക്കാർ സമ്മതപത്രം നൽകുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു കപിൽ സിബലിന്‍റെ വാദം. എറിക് ട്രാപ്പിയർ പറയുന്നത് കള്ളമാണ്. എച്ച്.എഎല്ലിന് ഭൂമിയില്ലാത്തതിനാൽ ഒഴിവാക്കിയെന്ന ട്രാപ്പിയറിന്റെ വാദവും കള്ളമാണ് ഭൂമിയുള്ളതിനാൽ റിലയൻസിനെ പങ്കാളിയാക്കിയെന്ന വാദവും കള്ളമാണെന്ന്  കപില്‍ സിബല്‍ വാദിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി