
കോഴിക്കോട്: പനി ബാധിച്ച് മരിച്ച കോഴിക്കോട് മെഡിക്കൽ കോളേജിലെ റേഡിയോളജി വിഭാഗംഅറ്റൻഡർ വി.സുധയ്ക്കും നിപ ബാധയെന്ന് ഭർത്താവ് വിനോദ് കുമാർ. നിപ ബാധിതനായിരുന്ന പേരാമ്പ്ര സ്വദേശി സാബിത്തിനെ സുധ പരിചരിച്ചിരുന്നെന്ന് വിനോദ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എക്സ്റേ യൂണിറ്റിലെത്തിച്ച സാബിത്ത് ഛർദ്ദിച്ചെന്നും, ഛർദ്ദിൽ തന്‍റെ ദേഹത്ത് വീണെന്നും സുധ പറഞ്ഞിരുന്നതായാണ് വിനോദ് കുമാർ പറയുന്നത്. സുധയ്ക്ക് നിപയുടേതിന് സമാനമായ രോഗലക്ഷണങ്ങളുണ്ടായിരുന്നെന്നും വിനോദ് കുമാർ പറയന്നു. ചികിത്സാ രേഖകൾ മറ്റൊരു ഡോക്ടറെ കാണിച്ചപ്പോൾ ഇതേ അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഇക്കാര്യം മെഡിക്കൽ കോളേജിലെ നിപ യൂണിറ്റിലുള്ള ഡോക്ടർമാരെ അറിയിച്ചെങ്കിലും മറുപടി കിട്ടിയില്ല. സുധയുടെ രക്തം വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരുന്നില്ല.
മെയ് 18-നാണ് സുധയെ പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കുന്നത്. പിറ്റേന്ന് തന്നെ സുധ മരിച്ചു. എന്നാൽ സുധയുടെ പേര് നിപ ബാധിച്ച് മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. സാംപിൾ ശേഖരിക്കാൻ കഴിയാതിരുന്നതിനാൽ നിപ ലക്ഷണങ്ങളോടെ മരിച്ചവരുടെ പട്ടികയിൽ മാത്രമാണ് സുധയുള്ളത്. എന്നാൽ അന്താരാഷ്ട്ര ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ സുധ നിപ ബാധിച്ച് മരിച്ചതായിത്തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സർക്കാർ പട്ടികയിലാകട്ടെ നിപ ബാധിച്ച് മരിച്ച ജീവനക്കാരുടെ പട്ടികയിൽ സിസ്റ്റർ ലിനി മാത്രമേയുള്ളൂ.
നിപ ബാധിതരുടെ ആനുകൂല്യങ്ങളൊന്നും താനാവശ്യപ്പെടുന്നില്ലെന്ന് സുധയുടെ ഭർത്താവ് വിനോദ് കുമാർ പറയുന്നു. ജോലി സ്ഥിരപ്പെടുത്തിക്കിട്ടണമെന്ന ആഗ്രഹമുണ്ട്. കോഴിക്കോട് മെഡിക്കൽ കോളേജ് വനിത ഹോസ്റ്റലിലെ താൽക്കാലിക വാച്ചറായി ജോലി ചെയ്യുകയാണ് വിനോദിപ്പോൾ.
Read More: നിപ ബാധിച്ച് മരിച്ചത് പതിനേഴല്ല, 21 പേർ; സർക്കാർ കണക്ക് തള്ളി അന്താരാഷ്ട്രപഠനറിപ്പോർട്ട്
നിപ ബാധിച്ച് മരിച്ചവരുടെ കണക്കുകളിൽ വൈരുദ്ധ്യമില്ലെന്ന് ആരോഗ്യവകുപ്പ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam