നിപ ബാധിച്ച് മരിച്ചവരുടെ സർക്കാർ കണക്ക് തളളി പഠന റിപ്പോർട്ട്. സംസ്ഥാനത്ത് 23 പേർക്ക് നിപ ബാധിച്ചുവെന്നും 21 പേർ മരിച്ചെന്നും റിപ്പോർട്ട്.

തിരുവനന്തപുരം: നിപ ബാധിച്ച് മരിച്ചവരുടെ സർക്കാർ കണക്ക് തളളി പഠന റിപ്പോർട്ട്. 19 പേര്‍ക്കാണ് രോഗം ബാധിച്ചതെന്നായിരുന്നു ഔദ്യോഗിക കണക്കുകള്‍ . എന്നാല്‍ ഗവേഷണ പ്രബന്ധത്തില്‍ 23 പേര്‍ക്ക് രോഗം പിടിപെട്ടെന്ന് വ്യക്തമാക്കുന്നു . ആരോഗ്യവകുപ്പ് സെക്രട്ടറി കൂടി ഉള്‍പ്പെട്ട സംഘത്തിന്‍റേതാണ് ഗേവഷണ റിപ്പോര്‍ട്ട് .

19 പേര്‍ക്ക് നിപ ബാധ കണ്ടെത്തിയെന്നും ഇതിൽ 17പേര്‍ മരിച്ചുവെന്നുമാണ് സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്ക് . ഈ കണക്കിലാണ് വൈരുദ്ധ്യം. ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ കൂടി ഉള്‍പ്പെട്ട സംഘത്തിന്‍റെ ഗവേഷണ പഠന റിപ്പോര്‍ട്ട് അനുസരിച്ച് രോഗം ബാധിച്ചവരുടെ എണ്ണം 23 ആണ്. ഓദ്യോഗിക കണക്കുകളില്‍ നിന്ന് 4പേര്‍ കൂടുതല്‍ . മരണ സംഖ്യ 21 ും . രണ്ടാമത്തെ രോഗിയില്‍ തന്നെ രോഗം തിരിച്ചറിഞ്ഞു എന്നായിരുന്നു ആരോഗ്യവകുപ്പിന്‍റെ അവകാശ വാദം . ഇതും തെറ്റാണെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു .

രോഗം തിരിച്ചറിയുന്നതിനു മുമ്പ് അഞ്ചുപേര്‍ മരിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു . ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണ സംവിധാനം പരാജയപ്പെട്ടെതാണ് രോഗ ബാധ തിരിച്ചറിയാന്‍ വൈകിയതെന്ന് വ്യക്തം . സിസ്റ്റര്‍ ലിനി മാത്രമാണ് നിപ ബാധിച്ച് മരിച്ച ഏക ആരോഗ്യപ്രവര്‍ത്തക എന്ന വാദവും പഠന റിപ്പോര്‍ട്ട് തള്ളുന്നു . കോഴിക്കോട് മെഡിക്കൽ കോളജിലെ റേഡിയോളജിസ്റ്റും നിപ ബാധിച്ചാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടിലുണ്ട് .

എന്നാല്‍ ഇവരുടെ കുടുംബത്തിന് ഒരു സഹായവും ഇതുവരെ കിട്ടിയിട്ടില്ല . ആരോഗ്യവകുപ്പ് സെക്രട്ടറി കൂടി ഉൾപ്പെട്ട സംഘത്തിന്‍റെ പഠന റിപ്പോര്‍ട്ട് ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണൽ , ദി ജോര്‍ണൽ ഓഫഅ ഇൻഫക്ഷ്യസ് ഡീസീസ് എന്നിവയിലാണ് പ്രസിദ്ധീകരിച്ചത് . അതേസമയം ആരോഗ്യവകുപ്പ് മന്ത്രി പഠന റിപ്പോര്‍ട്ടിനെ തള്ളി രംഗത്തെത്തി.

സാമ്പിൾ പരിശോധനയിലൂടെ നിപ സ്ഥിരീകരിച്ചത് 18 പേർക്ക് മാത്രമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഇതിൽ 16 പേർ മരിച്ചു. മറ്റുള്ളവർക്ക് കണ്ടത് നിപ ലക്ഷണങ്ങൾ മാത്രം. ഇത് സ്ഥിരീകരിച്ചിട്ടില്ല എന്നും മന്ത്രി കെ.കെ ശൈലജ പറഞ്ഞു.