പിറവം പള്ളി സംഘർഷം: പൊലീസ് ആത്മാർത്ഥമായി ഇടപെട്ടില്ലെന്ന് തോമസ് മാർ അത്തനാസിയസ്

By Web TeamFirst Published Dec 10, 2018, 7:41 PM IST
Highlights

പൊലീസിന് ഇന്ന് വിധി നടപ്പാക്കണമെന്ന് ആത്മാർത്ഥത ഉണ്ടായിരുന്നില്ല. അത്രയും ശക്തമായ പൊലീസ് സംവിധാനമുണ്ടായിരുന്നിട്ടും നാനൂറോളം വരുന്ന വിശ്വാസികളെ നീക്കം ചെയ്യാനായില്ല. 

പിറവം: പിറവം പള്ളി സംഘർഷത്തിൽ പൊലീസിന്റെ ഇടപെടൽ വെറും നാടകം മാത്രമാണന്ന് കണ്ടനാട് ഈസ്റ്റ്  ഭദ്രാസനാധിപൻ ഡോ. തോമസ് മാർ അത്തനാസിയോസ്. കോടതിവിധി നടപ്പിലാക്കിയാൽ പിറവത്ത് സ്ഥിതി​ഗതികൾ മോശമാകുമെന്ന് കോടതിയെ ബോധിപ്പിക്കാൻ വേണ്ടി പൊലീസൊരുക്കിയ വെറും നാടകം മാത്രമാണ് ഇന്ന് അരങ്ങേറിയത്. പൊലീസിന് ഇന്ന് വിധി നടപ്പാക്കണമെന്ന് ആത്മാർത്ഥത ഉണ്ടായിരുന്നില്ല. അത്രയും ശക്തമായ പൊലീസ് സംവിധാനമുണ്ടായിരുന്നിട്ടും നാനൂറോളം വരുന്ന വിശ്വാസികളെ നീക്കം ചെയ്യാനായില്ല. 

''കോടതിവിധി നടപ്പിലാക്കുന്നതിൽ എതിർത്തു എന്ന കേസെടുത്ത് അവരെ അറസ്റ്റ് ചെയ്ത് നീക്കാമായിരുന്നു. മൂവായിരം കുടുംബങ്ങളിൽ നിന്ന് നാനൂറോളം ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരൊന്നും ഈ ഇടവകയിൽ‌ പെട്ടവർ അല്ലാതിരിക്കെ, അവരെ നീക്കം ചെയ്യാൻ സാധിക്കുമായിരുന്നു.''- ഭദ്രാസനാധിപൻ വിശദീകരിക്കുന്നു.  

ഇന്ന് രണ്ടരയോടെയാണ് പിറവം വലിയ പള്ളി പരിസരത്ത് സംഘർഷാവസ്ഥ രൂപപ്പെടുന്നത്. സ്ത്രീകളുൾപ്പെടെയുള്ളവർ മണ്ണെണ്ണയുമായി പള്ളിയുടെ മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയതോടെയാണ് പൊലീസിന് ഇവിടെ നിന്ന് പിൻമാറേണ്ടി വന്നത്. പൊലീസ് പള്ളിക്കകത്ത് പ്രവേശിക്കാൻ ഇവർ സമ്മതിച്ചില്ല. പൊലീസിന്റെ ഈ നടപടിയെയാണ് ഭദ്രാസനാധിപൻ വിമർശിച്ചത്. 

കോടതിവിധി നടപ്പിലാക്കാൻ ആത്മാർത്ഥമായ ശ്രമം നടക്കുന്നില്ല എന്ന് കോടതിയെ ബോധിപ്പിക്കും. ഇവിടത്തെ പൊലീസിന് സാധിക്കുന്നില്ലെങ്കിൽ കേന്ദ്രസേന ഇടപെട്ട് കോടതി വിധി നടപ്പിലാക്കണം. സുപ്രീം കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കാതിരിക്കുന്നത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. 

click me!