
ദില്ലി: മൂന്നു വയസ്സുകാരനായ മകൻ കരഞ്ഞതിനെത്തുടർന്ന് ഇന്ത്യൻ നയതന്ത്രജ്ഞനെയും കുടുംബത്തെയും വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു. ഗതാഗത മന്ത്രാലയത്തിലെ ഓഫീസറായ എ.പി. പഥകിനെയും കുടുംബത്തെയുമാണ് ബ്രിട്ടീഷ് എയർവേയ്സ് അധികൃതർ അധിക്ഷേപിച്ച് ഇറക്കിവിട്ടത്. ബെര്‍ലിനില്‍ നിന്നും ലണ്ടനിലേക്കുള്ള യാത്രാമധ്യേ ആണ് കുഞ്ഞ് നിർത്താതെ കരഞ്ഞത്. ഇതിനെതുടർന്ന് ബ്രിട്ടീഷ് എയര്‍വേസ് ഉദ്യോഗസ്ഥര്‍ തന്നോട് അപമര്യാദയായി പെരുമാറുകയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തുന്നു. സിവില്‍ ഏവിയേഷന്‍ മന്ത്രി സുരേഷ് പ്രഭുവിനു നല്‍കിയ കത്തിലാണ് പഥക് പരാതി ബോധിപ്പിച്ചിട്ടുള്ളത്.
ടേക്ക് ഓഫിന് മിനുട്ടുകള്‍ മാത്രം ശേഷിക്കവേയാണ് തന്നേയും കുടുംബത്തേയും ഇറക്കിവിട്ടതെന്ന് പഥക് പറയുന്നു. ജനാലയ്ക്കരികിലുള്ള സീറ്റിലിരുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കാനായി പഥകിന്റെ ഭാര്യ മടിയിലെടുത്തിരുത്തി. എന്നാൽ ഉദ്യോഗസ്ഥര്‍ അടുത്തുവന്ന് കുഞ്ഞിനെ ശാസിക്കുകയും സീറ്റിലിരുത്താന്‍ ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു. കരയുന്ന കുഞ്ഞിന് ബിസ്‌കറ്റുകള്‍ നല്‍കി സമാധാനിപ്പിക്കാന്‍ ശ്രമിച്ചതിന് ഇവര്‍ക്കരികെ ഇരുന്നിരുന്ന മറ്റൊരു ഇന്ത്യന്‍ കുടുംബത്തേയും ഇറക്കിവിട്ടതായി പഥക് തന്റെ പരാതിയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ബോര്‍ഡിംഗ് പാസുകള്‍ പിടിച്ചുവാങ്ങുകയുമായിരുന്നു.
ഇവർക്കൊപ്പം ഇറക്കിവിട്ട ഇന്ത്യന്‍ കുടുംബത്തിന് അടുത്ത ദിവസം വേറെ ടിക്കറ്റുകള്‍ നല്‍കി. പക്ഷേ പഥകിനും കുടുംബത്തിനും ടിക്കറ്റ് നൽകിയില്ല. '' ‘ബ്ലഡി’ പോലുള്ള പദങ്ങളുപയോഗിച്ചാണ് ആക്ഷേപിച്ച് സംസാരിച്ചത്. എന്റെ രാജ്യത്തോടും വംശത്തോടും പ്രകടിപ്പിച്ച അനാദരവായിട്ടാണ് ഞാനിതിനെ കാണുന്നത്. കരഞ്ഞാൽ ജനാല വഴി പുറത്തെറിയും എന്ന രീതിയിലാണ് കുഞ്ഞിനെ ശാസിച്ചത്. ഇത്തരം ആക്ഷേപങ്ങളും ഉത്തരവാദിത്വമില്ലാത്ത നടപടികളും കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല.'' പഥക് പരാതിയിൽ പറയുന്നു. പരാതി ഗൗരവമായി സ്വീകരിച്ചുവെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു കഴിഞ്ഞതായും എയർവേയ്സ് വക്താവ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam