ദുരിതാശ്വാസനിധിയിലേക്ക് വിജയ്കാന്ത് ഒരു കോടി നല്‍കും

By Web TeamFirst Published Aug 21, 2018, 2:32 PM IST
Highlights

തമിഴ്നാട് മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരും എംപിമാരും ഒരു മാസത്തെ ശന്പളം കേരളത്തിന് നല്‍കും

ചെന്നൈ: കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും മറ്റു മന്ത്രിമാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം കേരളമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യും. മന്ത്രിസഭയെ കൂടാതെ ഭരണകക്ഷിയായ എഐഎഡിഎംകെയുടെ എല്ലാ എംഎൽഎമാരും എംപിമാരും തങ്ങളുടെ ഒരു മാസത്തെ ശമ്പളം കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാനായി കൈമാറുന്നുണ്ട്.

മുഖ്യപ്രതിപക്ഷമായ ഡിഎംകെയുടെ എംഎൽഎമാരും എംപിമാരും ഒരു മാസത്തെ ശമ്പളം കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുന്നുണ്ട്. ഡിഎംകെ നേരത്തെ തന്നെ ഒരു കോടി രൂപ കേരളത്തിന് നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. മറ്റൊരു പ്രമുഖ പാർട്ടിയായ ഡി.എം.ഡി.കെയുടെ അധ്യക്ഷനും സിനിമാതാരവുമായ വിജയകാന്തും 1 കോടി രൂപ കേരളത്തിലെ ദുരിതബാധിതർക്ക് നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

തമിഴ്നാട് സർക്കാർ നേരത്തെ അഞ്ച് കോടി രൂപ കേരളത്തിന് സഹായമായി കൈമാറിയിരുന്നു. ഇപ്പോൾ വീണ്ടുമൊരു അഞ്ച് കോടി കൂടി കേരളത്തിന് കൈതാങ്ങായി തമിഴ്നാട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കൂടാതെ ടൺ കണക്കിന് റിലീഫ് വസ്തുകൾ നിത്യേനയെന്നോണം തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വരുന്നുണ്ട്. 

click me!