
മുംബൈ: സുപ്രീം കോടതി വിധി മുന്‍നിര്‍ത്തി ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കാനെത്തിയ ശേഷം പ്രതിഷേധം കാരണം മടങ്ങേണ്ടിവന്ന സാമൂഹ്യ പ്രവര്‍ത്തക തൃപ്തി ദേശായ് പുനെയില്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തി. മുംബൈയില്‍ അരങ്ങേറിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പൊലീസ് പ്രത്യേക സുരക്ഷയൊരുക്കിയാണ് തൃപ്തിയെ വീട്ടിലെത്തിച്ചത്.
വീട്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെ ശബരിമല വിഷയത്തിലെ നിലപാട് അവര്‍ ആവര്‍ത്തിച്ചു. എന്തുവന്നാലും ശബരിമലയിലെത്തുമെന്നും ദര്‍ശനം നടത്തുമെന്നും തൃപ്തി വ്യക്തമാക്കി. ആക്രമണത്തെ ഭയമില്ലെന്നും സ്ത്രീകളുടെ അവകാശമാണ് പ്രധാനമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ പുലര്‍ച്ചെ കൊച്ചിയിലെത്തിയ തൃപ്തിക്ക് പ്രതിഷേധം കാരണം നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്തിറങ്ങാനായിരുന്നില്ല.
17 മണിക്കൂറുകളോളം നെടുമ്പാശേരിയില്‍ നിലയുറപ്പിച്ച ശേഷമാണ് അവര്‍ മടങ്ങിയത്. മടങ്ങുന്നതിന് മുമ്പെ മാധ്യമപ്രവര്‍ത്തകരെ കണ്ട തൃപ്തി അയ്യപ്പന്‍റെ ഭക്തരെന്നവകാശപ്പെടുന്ന അക്രമികൾ ഗുണ്ടകളാണെന്ന് ആരോപിച്ചിരുന്നു. എങ്ങനെയാണ് അയ്യപ്പഭക്തിയുടെ പേരിൽ ഇത്തരം വൃത്തികെട്ട പെരുമാറ്റത്തെ ന്യായീകരിക്കാനാകുന്നതെന്നും അവര്‍ ചോദിച്ചു. തൽക്കാലം മടങ്ങുകയാണെന്നും എന്നാൽ തിരികെ വരുമെന്നും തൃപ്തി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam