
ജയ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞിരുന്ന അടുത്ത വാഗ്ദാനവും നടപ്പാക്കാനൊരുങ്ങി കോൺഗ്രസ്. വനിതകൾക്ക് പാർലമെന്റിലും ലോക്സഭയിലും 33 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള നീക്കത്തിലാണ് കോൺഗ്രസെന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൽ പൈലറ്റ്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും സംവരണം പ്രാവർത്തികമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പാർലമെന്റിലും ലോക്സഭയിലും വനിതകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കുമെന്നത് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. മന്ത്രിസഭാ യോഗത്തിൽ സംവരണം നടപ്പിൽ വരുത്താനുള്ള വഴികളെ പറ്റി ചർച്ച ചെയ്തുവരികയാണെന്നും ഇന്ത്യ ഒട്ടാകെ നടപ്പാക്കാൻ സാധിച്ചില്ലെങ്കിലും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെങ്കിലും ഇത് നടപ്പിൽ വരുത്തുമെന്നും സച്ചിൻ പൈലറ്റ് മാധ്യമങ്ങളോട് പറഞ്ഞു.
വനിതകളുടെ സംവരണ വിഷയത്തിൽ കേന്ദ്രസർക്കാർ മതിയായ ശ്രദ്ധ കാണിക്കുന്നില്ലെന്നും സച്ചിൻ ആരോപിച്ചു. ബിജെപി സർക്കാർ അഞ്ചു വർഷം കൊണ്ട് നിരവധി ഭരണഘടനാ ഭേദഗതികൾ കൊണ്ടുവന്നു, എന്നാൽ ഈ കാര്യത്തിൽ ഇരട്ടത്താപ്പ് വ്യക്തമായിരിക്കുകയാണെന്നും സച്ചിൻ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും കേന്ദ്ര സർക്കാരിന് ഒട്ടേറെ കത്തുകൾ അയച്ചിരുന്നുവെന്നും എന്നാൽ കേന്ദ്രസര്‍ക്കാര്‍ അവ കണ്ട ഭാവം കാണിച്ചില്ലെന്നും സച്ചിൻ പറഞ്ഞു.
നേരത്തെ പഞ്ചാബ് സർക്കാർ സമാനമായ കാര്യം ഉന്നയിയിച്ച് കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. ഒഡീഷ മുഖ്യമന്ത്രിയായ നവീന്‍ പട്‌നായിക് വനിതാ സംവരണത്തിന് കേന്ദ്രത്തിന് മേല്‍ സമ്മര്‍ദം ചൊലുത്തണമെന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് പഞ്ചാബ് സർക്കാർ കേന്ദ്രത്തെ സമീപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam