വനിതാ മതിലില്‍ അണിചേര്‍ന്ന് ടിവി അനുപമയും വാസുകിയും

By Web TeamFirst Published Jan 1, 2019, 8:37 PM IST
Highlights

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഇടതുപക്ഷ പ്രസ്താനങ്ങളുടേയും വിവിധ സംഘടനകളുടേയും പിന്തുണയോടെ സംഘടിപ്പിച്ച വനിതാ മതിലില്‍ അണിചേര്‍ന്ന് കളക്ടര്‍ ടിവി അനുപമയും.

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ഇടതുപക്ഷ പ്രസ്ഥാനങ്ങളുടേയും വിവിധ സംഘടനകളുടേയും പിന്തുണയോടെ സംഘടിപ്പിച്ച വനിതാ മതിലില്‍ അണിചേര്‍ന്ന് കളക്ടര്‍ ടിവി അനുപമയും. തൃശൂര്‍ മുന്‍ നഗരസഭാ ചെയര്‍പേഴ്സണടക്കമുള്ള നിരവധി സ്ത്രീകള്‍ക്കൊപ്പമാണ് അനുപമയും എത്തിയത്. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേരാണ് തൃശ്ശൂരില്‍ വനിതാ മതിലില്‍ അണിനിരന്നത്. 

ജനകീയ കളക്ടര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അനുപമ എത്തിയതോടെ സെല്‍ഫിയെടുക്കാനും ഫോട്ടോ എടുക്കാനും മതിലിനെത്തിയവര്‍ തിരക്കു കൂട്ടി. വനിതാ മതിലിന്‍റെ പ്രതിജ്ഞാ വാചകം ചൊല്ലിയ ശേഷം പരിപാടിയിലും പങ്കെടുത്താണ് കളക്ടര്‍ മടങ്ങയത്. തിരുവനന്തപുരത്ത് കളക്ടര്‍ വാസുകിയും മതിലില്‍ പങ്കെടുത്തു. മതിലില്‍ വാസുകി  ശ്രദ്ധാകേന്ദ്രമായി.  തൃശൂരിലേതിന് സമാനമായി നിരവധി പേര്‍ കളക്ടര്‍ക്കൊപ്പം സെല്‍ഫിയെടുത്തും ഫോട്ടോയെടുത്ത ശേഷമാണ് കളക്ടറെ തിരിച്ചയച്ചത്.

സർക്കാരും മതിലിൽ പങ്കാളികളായ മറ്റു സംഘടനകളും കഴിഞ്ഞ ഒരുമാസം മുഴുവൻ സംഘാടനശേഷിയും പുറത്തെടുത്തപ്പോൾ ലക്ഷക്കണക്കിന് സ്ത്രീകൾ വനിതാ മതിലിൽ പങ്കാളികളായി. വീട്ടമ്മമാരും വിദ്യാർത്ഥിനികളും തൊഴിലാളികളും പ്രൊഫഷണലുകളും അടക്കം എല്ലാ വിഭാഗം സ്ത്രീകളുടേയും പങ്കാളിത്തം സംഘടനകൾ ഉറപ്പാക്കി. 

ഉച്ചകഴിഞ്ഞപ്പോൾ തന്നെ വിവിധ സംഘടനകളേയും കൂട്ടായ്മകളേയും പ്രതിനിധീകരിച്ച് സ്ത്രീകൾ എത്തിത്തുടങ്ങിയിരുന്നു. കാസർകോട് മന്ത്രി കെകെ ഷൈലജ വനിതാമതിലിന്‍റെ ആദ്യ പങ്കാളിയായി. തിരുവനന്തപുരം വെള്ളയമ്പലത്ത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് അവസാന അംഗമായി. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതോടെയാണ് പരിപാടിക്ക് തുടക്കമായത്. 

സ്ത്രീകൾ പാതയുടെ ഒരുവശത്ത് വനിതാമതിൽ അണി നിരന്നപ്പോൾ പ്രധാന കേന്ദ്രങ്ങളിൽ പുരുഷൻമാർ പാതയുടെ എതിർവശത്ത് സമാന്തര മതിലായി. സംസ്ഥാന മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും വിവിധ ജില്ലകളിൽ സംഘാടനത്തിന് നേതൃത്വം കൊടുത്തു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, കെപിഎംഎസ് സംസ്ഥാന പ്രസിഡന്‍റ് പുന്നല ശ്രീകുമാർ എന്നിവർ വിവിധയിടങ്ങളിൽ സംഘാടകരായി. എഴുത്തുകാർ, കലാ സാംസ്കാരിക ചലച്ചിത്ര പ്രവർത്തകർ എന്നിവരടക്കം സാംസ്കാരിക പ്രവർത്തകരുടെ വലിയ പങ്കാളിത്തവും വനിതാ മതിലിന് ഉണ്ടായിരുന്നു.
 

click me!