Latest Videos

സഹായവുമായി നഴ്‌സുമാരും; ദുരിതാശ്വാസനിധിയിലേക്ക് 11 ലക്ഷം നല്‍കും

By Web TeamFirst Published Aug 13, 2018, 7:38 PM IST
Highlights

ചൊവ്വാഴ്ച രാവിലെ മുതല്‍ യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ഷ, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ നിലമ്പൂരിലെ ഉള്‍വനത്തിലുള്ള വറ്റിലകൊല്ലി, വെണ്ണക്കോട്, പാലക്കയം ആദിവാസി മേഖലകളില്‍ നഴ്‌സുമാരുടെ സേവനമുണ്ടാകും

തൃശൂര്‍: പ്രളയബാധിതരെ സഹായിക്കാന്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യുഎന്‍എ) 11 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമര്‍പ്പിക്കും. ചൊവ്വാഴ്ച മുതല്‍ ദുരിതബാധിത പ്രദേശങ്ങളില്‍ യുഎന്‍എയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ സേവനസജ്ജരാകും. അംഗങ്ങള്‍ വഴി ശേഖരിക്കുന്ന അരി, പഞ്ചസാര ഉള്‍പ്പടെ നിത്യോപയോഗ സാധനങ്ങളും പുതപ്പ് അടക്കം വസ്ത്രങ്ങളും അടുത്ത ദിവസങ്ങളിലായി കൈമാറും.

ചൊവ്വാഴ്ച രാവിലെ മുതല്‍ യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ഷ, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ നിലമ്പൂരിലെ ഉള്‍വനത്തിലുള്ള വറ്റിലകൊല്ലി, വെണ്ണക്കോട്, പാലക്കയം ആദിവാസി മേഖലകളില്‍ നഴ്‌സുമാരുടെ സേവനമുണ്ടാകും. കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ അമ്പതോളം നഴ്‌സുമാര്‍ സംഘത്തിലുണ്ടാകും. മിത്ര ജ്യോതി ട്രൈബല്‍ ഡവലപ്‌മെന്റ് ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വഴികാട്ടിയാവും.

തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രവര്‍ത്തകര്‍ കുട്ടനാട് മേഖലയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ സേവനം നല്‍കും. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള നഴ്‌സുമാര്‍ ഇതിനകം തന്നെ 1150 കിലോ അരിയും 140 കിലോ പഞ്ചസാരയും തേയിലയും ബിസ്‌കറ്റും ഉള്‍പ്പടെ വിവിധ സാധനങ്ങള്‍ കുട്ടനാട്ടെ ദുരിതബാധിതര്‍ക്ക് കൈമാറിക്കഴിഞ്ഞു.

കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലാകമ്മിറ്റികളുടെ നേതൃത്വത്തില്‍ വയനാട്ടെ മാനന്തവാടി, വൈത്തിരി, പനമരം തുടങ്ങിയ ദുരിതബാധിത മേഖലകളിലും നഴ്‌സുമാര്‍ സഹായങ്ങള്‍ എത്തിക്കും. എറണാകുളം ജില്ലാകമ്മിറ്റി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലും സഹായങ്ങള്‍ നല്‍കും.

സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് യുഎന്‍എ യൂണിറ്റുകള്‍ തീരുമാനിച്ചിരുന്ന ഓണാഘോഷ പരിപാടികള്‍ മാറ്റിവച്ചു. ഇതിനായി സമാഹരിച്ച തുക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. യുഎന്‍എ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ആഗസ്റ്റ് മാസത്തില്‍ നിശ്ചയിച്ച മുഴുവന്‍ യൂണിറ്റ് സമ്മേളനങ്ങളും മാറ്റിവയ്ക്കാന്‍ തൃശൂരില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

ചേര്‍ത്തല കെ.വി.എം ആശുപത്രിക്ക് മുന്നില്‍ സമരമിരിക്കുന്ന നഴ്‌സുമാര്‍ക്ക് നല്‍കിവരുന്ന പ്രതിദിന ബത്തയ്ക്ക് പുറമെ, ഓണത്തിന് മുമ്പായി 3000 രൂപ വീതം പ്രത്യേക ഉത്സവബത്ത വിതരണം ചെയ്യും. അപകടം, രോഗം എന്നിങ്ങനെ വിവിധ അവസ്ഥകളില്‍ കഴിയുന്ന യുഎന്‍എ അംഗങ്ങളായ നഴ്‌സുമാര്‍ക്ക് നല്‍കിവരുന്ന ജീവനാംശ വിതരണം 22 പേരിലേക്ക് ഉയര്‍ത്തി.

യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് അധ്യക്ഷതവഹിച്ചു. ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷ സംഘടനാ റിപ്പോര്‍ട്ടും സംസ്ഥാന സെക്രട്ടറി സുജനപാല്‍ അച്യുതന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. രക്ഷാധികാരി വത്സന്‍ രാമംകുളത്ത്, സംസ്ഥാന ട്രഷറര്‍ ബിബിന്‍ എന്‍ പോള്‍, ദേശീയ വൈസ് പ്രസിഡന്റ് ഹാരിസ് മണലുംപാറ, സംസ്ഥാന വൈസ് പ്രസിഡന്റ് രശ്മി പരമേശ്വരന്‍, ജോ.സെക്രട്ടറി ഷിപ്‌സണ്‍ പൗലോസ് തുടങ്ങിയവര്‍ സംസാരിച്ചു.

 

click me!